എറണാകുളം: ചെരിപ്പ് ഉപയോഗിക്കില്ല, പ്രായം 101... ജീവിതത്തില്‍ എല്ലാവരും വിശ്രമം ആഗ്രഹിക്കുന്ന പ്രായം. പക്ഷേ എറണാകുളം ജില്ലയിലെ വെസ്റ്റ് വെങ്ങോല ഈച്ചരൻ കവലയിലെ റേഷൻ കടയില്‍ ചായാട്ട് വേലായുധന് വിശ്രമിക്കാൻ ആഗ്രഹമില്ല. കാരണം വെങ്ങോലക്കാർക്ക് വേലായുധേട്ടന്‍റെ റേഷൻ കട മാത്രമാണുള്ളത്. 1957 ൽ സംസ്ഥാനത്ത് പൊതു വിതരണ സമ്പ്രദായം ആരംഭിച്ച കാലം മുതൽ വെസ്റ്റ് വെങ്ങോലയിൽ വേലായുധേട്ടന്‍റെ റേഷൻ കടയുണ്ട്.
നാലാം ക്ലാസ് വരെ മാത്രമാണ് പഠിക്കാൻ കഴിഞ്ഞത്. പല ചരക്കുകടയില്‍ തൊഴില്‍ ചെയ്ത് ജീവിതം തുടങ്ങി. 63 വർഷമായി റേഷൻ കട തുടങ്ങിയിട്ട്. അഞ്ച് മക്കളെ പഠിപ്പിച്ച് ജീവിതത്തിന്‍റെ കരപിടിപ്പിച്ചു. റേഷൻ വാങ്ങി തീർക്കാത്തവർക്കായി അവധി ദിനങ്ങളിലും വേലായുധൻ കട തുറക്കും. ജീവിതത്തിൽ ഇന്നുവരെ ചെരുപ്പ് ഉപയോഗിച്ചിട്ടില്ല. രാവിലെയും രാത്രിയും കടയിലേക്കുള്ള നടത്തവും തിരിച്ച് വീട്ടിലേക്കുള്ള നടത്തവുമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് വേലായുധൻ പറയും. ലോകം ഡിജിറ്റലായപ്പോൾ പൊതു വിതരണ ഇടപാടുകളും ഓൺലൈനായി. അതോടെ സമീപവാസിയെ സഹായത്തിന് നിയമിച്ചാണ് റേഷൻ കട നടത്തുന്നത്.