എറണാകുളം: ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിലൂടെ ലോകായുക്തയുടെ പ്രസക്തി നഷ്ടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന് വരാൻ സാധ്യതയുള്ള അഴിമതിക്കേസുകൾ തടയുക കൂടിയാണ് നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നിരോധന സംവിധാനത്തെ കാറ്റിൽ പറത്തിയാണ് സർക്കാർ രഹസ്യമായി ലോകായുക്ത ഭേദഗതി ഓർഡിനൻസ് അനുമതിക്കായി ഗവർണർക്ക് സമർപ്പിച്ചതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. ഗവർണർ ഒരു കാരണവശാലും ഒർഡിനൻസിൽ ഒപ്പിടരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന്‍റെ ലോകായുക്ത ഭേദഗതി ഓർഡിനൻസ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. നിയമഭേദഗതിയുടെ പ്രധാന കാരണം നിലവിൽ മുഖ്യമന്ത്രിക്കെതിരെയും മന്ത്രി ബിന്ദുവിനെതിരെയുമുള്ള രണ്ടു കേസുകളാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതി നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതോടെ നിയമത്തിന്‍റെ പ്രസക്തി തന്നെ നഷ്ടപെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഏക ആശ്രയമായിരുന്നത് ലോകായുക്തയാണ്. ലോകായുക്ത നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. എന്നാൽ ഇനിമുതൽ ഒരു ഹിയറിംഗ് നടത്തി വേണമെങ്കിൽ സ്വീകരിക്കാം , അല്ലെങ്കിൽ നിരസിക്കാമെന്ന പുതിയ വകുപ്പ് കൂടി ലോകായുക്ത നിയമത്തിന്‍റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
ഭേദഗതിയോടെ മന്ത്രിമാർക്കെതിരെയും , ഉദ്യോഗസ്ഥർക്കെതിരെയും പരാതി വന്നാൽ ലോകായുക്തയുടെ തീരുമാനങ്ങൾ ഹിയറിംഗ് നടത്തി സർക്കാറിന് വേണ്ടെന്ന് വെക്കാനാകും. ലോകായുക്ത വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കണമെന്ന തീരുമാനം മാറ്റി ഒരു ജഡ്ജിയായിരിക്കണം എന്ന് മാത്രമാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി .
നിയമ നിർമ്മാണ വേളയിൽ ഇത്തരമൊരു തീരുമാനമെടുത്തത് ലോകായുക്തയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതിന് വേണ്ടിയായിരുന്നു. ഇനി ഇഷ്ട്ടമുള്ളവരെ ലോകായുക്തയായി സർക്കാറിന് നിയമിക്കാൻ കഴിയും. ലോകായുക്തയെ ശക്തിപ്പെടുത്തണമെന്ന നിലപാടാണ് സി.പി.എം കേന്ദ്ര നേതൃത്വം നേരത്തെ സ്വീകരിച്ചിട്ടുള്ളത്. സി.പി.എമ്മിന്‍റെ കേന്ദ്രനയത്തിന് എതിരായിട്ടുള്ളതാണ് ഈ ഓർഡിനൻസ് എന്നും വി.ഡി.സതീശൻ പറഞ്ഞു.
പിണറായി സർക്കാർ ഇടതുപക്ഷ സമീപനങ്ങളിൽ നിന്ന് തീവ്ര വലതു പക്ഷ വ്യതിയാനങ്ങളിലേക്ക് പോവുകയാണന്നും, കേരളത്തിലെ സി.പി.എം ഒരു പ്രാദേശിക പാർട്ടിയായി മാറിയിരിക്കുകയാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ALSO READ: ലോകായുക്തയുടെ അധികാരം 'കവരുന്നത്' അഴിമതി നടത്താൻ: കെ.സുരേന്ദ്രൻ