എറണാകുളം: സർവകലാശാലയിലെ അധ്യാപക നിയമനം അട്ടിമറിക്കാനാണ് സർക്കാർ പുതിയ ബില്ല് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്‌ടക്കാരായ പാവകളെ വിസിയാക്കാനാണ് നീക്കം നടക്കുന്നത്.
ഇതിലൂടെ അധ്യാപക നിയമനം ക്രമ രഹിതമായി നടത്തുകയാണ് ലക്ഷ്യം. സെനറ്റ് പ്രതിനിധി ഒരു പേര് നിർദേശിച്ചാൽ ഗവർണർ അത് പരിഗണിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായി പാർട്ടിക്കാരെയാണ് നിയമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ്. ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതും സർക്കാരുകളുടെ സ്വന്തക്കാരെ വെക്കുന്നതും ഒരുപോലെയാണെന്നും അദ്ദേഹം വിമർശിച്ചു.
ഗവർണറും ഗവൺമെൻ്റും തമ്മിൽ മുൻപ് ധാരണയുണ്ടായിരുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ നിയമനത്തിൽ ഇരുകൂട്ടരും ഒത്തുകളിച്ചാണ് കണ്ണൂർ വിസിയുടെ പുനർ നിയമനം നടത്തിയത്. ഇപ്പോൾ ക്രിമിനൽ എന്ന് ആക്ഷേപിക്കുന്ന വിസിയെ ക്രമരഹിതമായി നിയമിച്ചത് ഇതേ ഗവർണർ തന്നെയാണ്. അന്ന് ഗവർണർ സംഘ പരിവാർ ഏജന്‍റായിരുന്നില്ലേയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ലാവലിൻ കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി വരുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇടനിലക്കാരുടെ സഹായത്തോടെ ഇരുകൂട്ടരും മുൻപേ ധാരണയിലെത്തിയതാണന്നും വി ഡി സതീശൻ ആരോപിച്ചു.