എറണാകുളം : മഹാമാരി നേരിടാനുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്‍റെ പ്രവർത്തന ശൈലിയിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉണ്ടാകുമെന്നും സർക്കാരിനെ ഭരിക്കാൻ അനുവദിക്കാതിരിക്കലല്ല പ്രതിപക്ഷത്തിന്‍റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോൺഗ്രസിനെയും യു.ഡി.എഫിനെയും ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുന്നതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രതിപക്ഷം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന ചുമതല ഏൽപ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
വർഗീയതയെ എതിർക്കും
യുഡിഎഫിന്‍റെ പ്രഥമ പരിഗണന കേരളത്തിൽ വർഗീയതയെ സന്ധിയില്ലാതെ എതിർക്കുക എന്നതിനായിരിക്കും. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒരു പോലെ എതിർക്കുമെന്നും മതേതര കാഴ്‌ചപ്പാടിൽ വീഴ്‌ചയുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. സംഘ പരിവാർ ശക്തികൾക്കെതിരായ പോരാട്ടത്തിൽ യു.ഡി.എഫ് എന്നും മുൻപന്തിയിലുണ്ടാകും. മാത്രമല്ല ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍റ് ഉചിതമായ സ്ഥാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കരുത്തുറ്റ രണ്ടാം നിര കോൺഗ്രസിൽ ഉണ്ടാകുമെന്നും യു.ഡി.എഫിന്‍റെ പരാജയം താഴെക്കിടയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി വിശദമായി പരിശോധിച്ച ശേഷം തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് എറണാകുളം ഡി.സി.സി ഓഫിസിൽ സ്വീകരണം നൽകി. നിയുക്ത എം.എൽ.എ മാരായ ടി.ജെ. വിനോദ്, കെ. ബാബു ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു.