എറണാകുളം: സി.പി.എം പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികളെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റ വിമുക്തരാക്കിയത്. ശിക്ഷ വിധി ചോദ്യം ചെയ്‌ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ച് കൊണ്ടാണ് നടപടി.
2008-ലാണ് കേസിനാസ്‌പദമായ സംഭവം. വഞ്ചിയൂർ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ വിഷ്‌ണുവിനെ പ്രതികള്‍ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2016 ൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 13 പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി 11 പേർക്ക് ഇരട്ട ജീവപര്യന്തമടക്കം ശിക്ഷ വിധിച്ചു.
തുടർന്ന് തെളിവുകൾ പരിശോധിച്ചതിൽ കീഴ്‌ക്കോടതിക്ക് തെറ്റ് പറ്റിയെന്നും, ശിക്ഷ വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റം ചെയ്‌തതിന് പ്രതികൾക്ക് എതിരെ തെളിവുകളില്ല, പ്രോസിക്യൂഷൻ മുന്നോട്ടുവച്ച തെളിവുകൾ അവിശ്വസനീയമെന്നും ശിക്ഷ വിധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു.
രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ഹൈക്കോടതി: രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെ വേദനയ്‌ക്ക് പകരമാകുന്നില്ല. മാത്രവുമല്ല രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ്. വാര്‍ഷിക അനുസ്‌മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി വിമർശിച്ചു.