എറണാകുളം: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാർഥികളെയും അധ്യാപകനെയും നഷ്‌ടമായതിന്‍റെ ആഘാതത്തിലാണ് മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂൾ. എല്‍ന ജോസ് (15), ക്രിസ് വിന്‍റർ ബോൺ തോമസ് (15), ദിയ രാജേഷ് (15), ഇമ്മാനുവൽ (17), അഞ്ജന അജിത് (17), കായിക അധ്യാപകനായ വിഷ്‌ണു (33) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഊട്ടിയിലേക്കുള്ള വിനോദയാത്ര അഞ്ച് വിദ്യാർഥികളുടെയും അധ്യാപകന്‍റെയും അന്ത്യയാത്രയായതിന്‍റെ വേദനയിലാണ് വിദ്യാനികേതനിലെ വിദ്യാർഥികളും അധ്യാപകരും. അപ്രതീക്ഷിതമായി എത്തിയ ദുരന്ത വാർത്തയുടെ മൂകതയിലാണ് വിദ്യാലയവും പരിസരവും. വിദ്യാർഥികളുടെയും അധ്യാപകന്‍റെയും മൃതദേഹങ്ങൾ ഉച്ചയ്ക്ക് ശേഷം സ്‌കൂൾ മുറ്റത്ത് പൊതുദർശനത്തിന് വയ്ക്കും. ഇതിനു ശേഷമായിരിക്കും മൃതദേഹം വീടുകളിലെത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തുക.
Also read: ബസപകടം: അന്വേഷണം സ്‌കൂളിനെതിരെയും, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ മേല്‍നോട്ടം വഹിക്കും
മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ബസ് യാത്രികരായ മൂന്നുപേരും അപകടത്തിൽ മരിച്ചിരുന്നു.