കൊച്ചി: മുൻ ധനമന്ത്രിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
1967 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന‌് മുൻ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാർഥിയായി മത്സരിച്ച‌് വിജയിച്ചു. 1974 ൽ അദ്ദേഹം രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മത്സരിച്ചു വിജയിച്ച‌് ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. പിൽക്കാലത്ത‌് അദ്ദേഹം കുറച്ചു കാലം പാർടി പ്രവർത്തനങ്ങളിൽ നിന്ന‌് വിട്ടു നിന്നിരുന്നു. ആത്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’ ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം) , മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.