എറണാകുളം: കള്ളപ്പണക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇബ്രാഹിം കുഞ്ഞിനെതിരായ പരാതിയിൽ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ എർഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന് കോടതി നിർദ്ദേശം നൽകി. അന്വേഷണത്തിന് ഇതുവരെയുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. തുടർന്ന് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഇ.ഡിക്ക് കൈമാറാനും കോടതി വിജിലൻസിന് നിർദേശം നൽകി.
പാർട്ടി പത്രത്തിന്‍റെ അക്കൗണ്ട് വഴി നോട്ട് നിരോധന സമയത്ത് പത്ത് കോടി രൂപ ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചെന്ന് ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ചതാണെന്നും അതിനാൽ പാലാരിവട്ടം പാലം ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി ഇതും അന്വേഷിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
ഇതിനിടെ പരാതി പിൻവലിക്കാൻ ഇബ്രാഹിം കുഞ്ഞും മകനും അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തുവെന്നും, വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടി കാണിച്ച് വീണ്ടും ഗിരീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയിലാണ് അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐ.ജിക്ക് കോടതി നിർദേശം നൽകിയത്. ഇതേ തുടർന്നാണ് ഇബ്രാഹിം കുഞ്ഞിനെയും മകൻ ഗഫൂറിനെയും ചോദ്യം ചെയ്ത് വിജിലൻസ് കോടതിയിൽ രഹസ്യ റിപ്പോർട്ട് സമർപ്പിച്ചത്.