കൊച്ചി : സ്വകാര്യ ബസ്സുകൾ മൂലം നഗരത്തിലുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിധ്യത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും. കഴിഞ്ഞ വെള്ളിയാഴ്ചയും സ്വകാര്യ ബസ് ഇടിച്ച് ഒരു ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. അപകടങ്ങൾ തുടർക്കഥയായതോടെ ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ സാന്നിധ്യത്തിലുള്ള അടിയന്തര യോഗം.
ഇതോടൊപ്പം പൊതുനിരത്തുകളിൽ അലക്ഷ്യമായി കാണപ്പെടുന്ന കേബിളുകൾ, സ്ലാബില്ലാത്ത ഓടകൾ തുടങ്ങിയ അപകടസാഹചര്യങ്ങൾ ചർച്ച ചെയ്ത് പരിഹാരനടപടികൾക്ക് രൂപം നൽകാനും പ്രത്യേക യോഗം ചേരും. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ചർച്ച ചെയ്യുന്നതിനുള്ള യോഗം രാവിലെ കലൂർ മെട്രോ സ്റ്റേഷൻ ഹാളിലും, അലക്ഷ്യമായ കേബിൾ, സ്ലാബിട്ട് മൂടാത്ത ഓടകൾ, കുഴികൾ എന്നിവ മൂലമുള്ള അപകടസാഹചര്യങ്ങൾ വിലയിരുത്തുന്ന യോഗം ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലുമാണ്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും, നിയമലംഘനങ്ങളും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നത് സർക്കാർ ഗൗരവത്തിലെടുത്ത സാഹചര്യത്തിലാണ് മന്ത്രി കൊച്ചിയിൽ നേരിട്ടെത്തി യോഗം ചേരുന്നത്. ബസുടമകളുടെ സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ്, പോലീസ്, റോഡ് സുരക്ഷ അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, ടെലിഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഏകോപനം റോഡ് സുരക്ഷ അതോറിറ്റിയുടെ ചുമതലയായതിനാലാണ് അതിന്‍റെ അധ്യക്ഷനായ ഗതാഗതമന്ത്രി യോഗം വിളിച്ചത്.
പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം കേരള റോഡ് സുരക്ഷ നിയമത്തിലെ പതിനാലാം വകുപ്പ് അതോറിറ്റിക്ക് നല്‍കുന്നുണ്ട്. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ നിർണായകമാണ്.