എറണാകുളം: നഗര ഗതാഗത രംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയൊരുക്കി 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനും എക്‌സിബിഷനും ഇന്ന് കൊച്ചിയിൽ തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചേർന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
കൊച്ചി മെട്രോ, ജല മെട്രോ എന്നിവയുൾപ്പെടെ സംയോജിത ഗതാഗത സംവിധാനത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നഗരമെന്ന നിലയിലാണ് കൊച്ചിയെ ഇത്തവണ കോൺഫറൻസിനായി തെരഞ്ഞെടുത്തതെന്ന് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ജയ്‌ദീപ് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ മെട്രോകളുടെ മാനേജിങ് ഡയറക്‌ടർമാർ, ഗതാഗത മേഖലയിലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വിദഗ്‌ധർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
പത്ത് സാങ്കേതിക സെഷനുകൾ, അഞ്ച് റൗണ്ട് ടേബിൾ സെഷനുകൾ, ഒരു കോൺക്ലേവ്, രണ്ട് പ്ലീനറി സെഷനുകൾ, എട്ട് ഗവേഷണ സിംപോസിയങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമാണ്. കാലാവസ്ഥ വ്യതിയാനവും നഗര ഗതാഗതത്തിലുണ്ടായ പ്രത്യാഘാതവും, ബസ് അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനത്തിന് വേണ്ട ആസൂത്രണങ്ങൾ, നഗര ഗതാഗത സ്റ്റാർട്ടപ്പുകൾ-ആശയ രൂപവത്കരണവും തുടർപ്രവർത്തനങ്ങളും, ആത്മനിർഭർ ഇന്ത്യ-സുസ്ഥിര നഗര ഗതാഗതം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
മെട്രോ കമ്പനികൾ, ലോക ബാങ്ക്, എഡിബി, സ്വകാര്യ കമ്പനികൾ തുടങ്ങിയവ കോൺഫറൻസിൽ പങ്കെടുക്കും. നഗര ഗതാഗത മേഖലയിൽ മികവ് പുലർത്തിയ വിവിധ നഗരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കോൺഫറൻസിൽ വിതരണം ചെയ്യും. ഇന്ത്യയിലും വിദേശത്തുമുള്ള നഗര ഗതാഗത സംവിധാനങ്ങൾ, പുതിയ ഗതാഗത സാങ്കേതിക വിദ്യകൾ, വിവിധ സേവനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന എക്‌സിബിഷനും നടക്കും.
കേരളത്തിൽ നിന്നുള്ള 20 പ്രദർശനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അടുത്ത ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള നഗര ഗതാഗത മേഖലയ്ക്ക് വേണ്ടിയുള്ള പ്രവർത്തന പദ്ധതികൾക്കാണ് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് രൂപം നൽകുകയെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ആദ്യമായാണ് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന് കേരളം വേദിയാകുന്നത്.