എറണാകുളം: പരുക്കൻ മുഖവും, കാത് തുളച്ചു കയറുന്ന ശബ്‌ദവും വിരിഞ്ഞ നെഞ്ചുമായി ഡിടിഎസും അറ്റ്‌മോസും ഇല്ലാത്തൊരു കാലത്ത് തിരശീലയിൽ ഒരാൾ വന്നു നിന്നു. കഥാനായകന് ഒപ്പം അയാളെ കണ്ട് പ്രേക്ഷകന്‍റെയും മുട്ടിടിച്ചെങ്കിൽ അത് കാർലോസ് തന്നെ. പേടിപ്പിച്ച്, ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, കണ്ണീർനനവ് പടർത്തി മലയാളികളുടെ സ്വന്തമായ രാജൻ പി ദേവ്. ജീവിതത്തിന്‍റെയും കരിയറിന്‍റെയും അവസാന കാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച് കടന്നു പോയപ്പോൾ ആ വിയോഗം ആർക്കും അംഗീകരിക്കാനായില്ല.
മക്കൾക്ക് അവരുടെ 'ഡാഡിച്ചൻ' സിനിമയിലെ കഥാപാത്രങ്ങളെ പോലെ അല്ലായിരുന്നു. സ്‌നേഹത്തിന്‍റെ നിറകുടമായൊരു മനുഷ്യൻ. നർമബോധമുള്ള, സ്വഭാവ നടനായ, വില്ലൻ എന്ന നിലയിലെല്ലാം മലയാളിക്കും തമിഴനും കന്നഡിഗനും തെലുങ്കനും രാജൻ പി ദേവിനെ ഇഷ്‌ടപ്പെട്ടു. 14 വർഷങ്ങൾക്കിപ്പുറം രാജൻ പി ദേവിന്‍റെ, പ്രിയപ്പെട്ട ഡാഡിച്ചന്‍റെ ഓർമകൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് അദ്ദേഹത്തിന്‍റെ ഇളയ മകനും നടനുമായ ഉണ്ണി രാജൻ പി ദേവ്.
തനിക്കും ഡാഡിച്ചനെ പോലൊരു നടനായാൽ മതി എന്ന പിടിവാശിയിലാണ് ഉണ്ണി രാജൻ പി ദേവിന്‍റെ അഭ്രപാളിയിലേക്കുള്ള കടന്നുവരവ്. ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയാൽ നർമ ഭാഷ്യത്തിൽ വിശേഷങ്ങൾ പറയുന്ന അദ്ദേഹത്തിന്‍റെ ശൈലി ഓർമകളിൽ നിന്നും മായാറില്ലെന്ന് ഉണ്ണി പറയുന്നു. അച്ഛന്‍റെ പേരിന്‍റെ തണലിന് പകരം വയ്‌ക്കാൻ അമൂല്യമായ മറ്റൊന്നുമില്ലെന്ന് പറയുമ്പോൾ ഉണ്ണിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. സ്‌നേഹനിധിയായ അച്ഛന്‍റെ ഓർമകൾക്ക് മുന്നിൽ എന്നും വികാരാധീതമാണ് സ്വന്തം ജീവിതമെന്ന് അയാൾ പറഞ്ഞവസാനിപ്പിക്കുന്നു.
1954 മെയ് 20 ന് എസ് ജെ ദേവിന്‍റെയും കുട്ടിയമ്മയുടെയും മകനായി ആലപ്പുഴ ചേർത്തലയിലാണ് അതുല്യ നടൻ രാജൻ പി ദേവിന്‍റെ ജനനം. സെന്‍റ്. മൈക്കിൾസിലെ വിദ്യാഭ്യാസത്തിന് ശേഷം അച്ഛന്‍റെ വഴിയേ പ്രൊഫഷണൽ നാടക രംഗത്തേക്ക്. പിന്നീട് ചേർത്തല ജൂബിലി തിയേറ്റേഴ്‌സ് എന്ന പേരിൽ നാടക സമിതി രൂപീകരിച്ചു.
രഥം എന്ന നാടകം രചിച്ച്, വേദിയിലഭിനയിച്ച് കയ്യടി നേടി. നാടകത്തിലെ രാജൻ പി ദേവിന്‍റെ പ്രകടനം നേരിട്ട് കണ്ട എസ്.എൽ.പുരം സദാനന്ദൻ സൂര്യസോമയുടെ 'കാട്ടുകുതിര' എന്ന നാടകത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. 'കാട്ടുകുതിര'യിലെ 'കൊച്ചു ബാവ'യായി അരങ്ങിൽ എത്തിയതോടെ മലയാള നാടകവേദിയുടെ അനിഷേധ്യ താരമായി രാജൻ പി.ദേവ് വളർന്നു.
1983ൽ റിലീസായ 'എൻ്റെ മാമാട്ടിക്കുട്ടിയമ്മ'യിലൂടെ ആണ് അദ്ദേഹത്തിന്‍റെ സിനിമ രംഗത്തേക്കുള്ള പ്രവേശം. സിനിമ ലോകത്തിൻ്റെ കെട്ടുമാറാപ്പുകൾ ഒന്നും തൻ്റെ നാടക പാരമ്പര്യ പിൻബലം കൊണ്ട് അദ്ദേഹത്തിന് പുതുമയുള്ളതതായി തോന്നിച്ചില്ല. പിന്നീടായിരുന്നു ഡെന്നിസ് ജോസഫിൻ്റെ തൂലികയിൽ പിറന്ന, നായകൻ കണ്ണൻ നായരെ വരെ വെള്ളം കുടിപ്പിച്ച സാക്ഷാൽ കാർലോസിൻ്റെ വരവ്. പിന്നീടുള്ളത് ചരിത്രം.
ഓരോ മലയാളിക്കും പച്ചവെള്ളം പോലെ സുതാര്യമായ കുറെ വർഷത്തെ ജീവിതം വെള്ളിത്തിരയ്‌ക്കായി രാജൻ പി ദേവ് ഉഴിഞ്ഞു വച്ചു. 1995ലെ 'സ്‌ഫടികം', 2005ലെ 'തൊമ്മനും മക്കളും', 2007ലെ 'ഛോട്ടാ മുംബൈ' എന്നീ സിനിമകളിലെ രാജൻ പി ദേവിൻ്റെ വേഷങ്ങൾ മലയാളി എന്നും ഓർത്തിരിക്കുന്നതാണ്. ഈ ചിത്രങ്ങളുടെ വിജയത്തോടെ തമിഴ്, തെലുഗു, കന്നഡ സിനിമകളിൽ രാജൻ പി ദേവ് അഭിനയിച്ച് തുടങ്ങി.
അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ 1998ൽ 'അച്ചാമ്മക്കുട്ടിയുടെ അച്ചായൻ' എന്ന ചിത്രം സംവിധാനം ചെയ്‌തു. 2003ൽ 'അച്ഛൻ്റെ കൊച്ചുമോൾ' എന്ന രണ്ടാമത്തെ ചിത്രവും അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്ത് വന്നു. കരൾ രോഗവും പ്രമേഹവും മൂർച്ഛിച്ചതോടെ 2009 ജൂലൈ 29 ന് അദ്ദേഹം അരങ്ങൊഴിഞ്ഞു. മറ്റാർക്കും സാധ്യമല്ലാത്ത അനായാസ പ്രകടത്തിലൂടെ, പകരം വയ്‌ക്കാനില്ലാത്ത വേഷപ്പകർച്ചയോടെ ഇന്നും സിനിമാസ്വാദകരുടെ ഉള്ളില്‍ അദ്ദേഹം ജീവിക്കുന്നു. വർഷങ്ങൾക്ക് രാജൻ പി ദേവിൻ്റെ ഓർമകളുടെ ആഴം കുറക്കാൻ കഴിയാതിരുന്നെങ്കിൽ....