എറണാകുളം: കാലിക്കറ്റ് സർവ്വകലാശാലയിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിയമനാധികാരം പി.എസ്.സിക്ക് ആണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനവും ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്‌സിക്ക് വിടുകയും പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ അനധ്യാപക തസ്തികകളിലെ നിയമനം നടത്താനുളള അവകാശം പിഎസ്സിയിൽ മാത്രം നിക്ഷിപ്‌തമാവുകയും ചെയ്തു.
എന്നാൽ പ്രത്യേക ചട്ടങ്ങൾ പ്രകാരം യോഗ്യതയില്ലാത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 30.12.2020നു കാലിക്കറ്റ് സർവകലാശാല തീരുമാനിച്ച് ഉത്തരവിറക്കി. പ്രസ്തുത തീരുമാനവും ഉത്തവരുമാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സ്ഥിരപ്പെടുത്തിയ ജീവനക്കാർ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് നിയമനം ചോദ്യം ചെയ്ത് ഹൈകോടതി സമീപിച്ചത്.