എറണാകുളം: കേരളം കത്തി എരിയുമ്പോൾ മുഖ്യമന്ത്രിയും ഡിജിപിയും കൊച്ചിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ ഇന്നലെ(23.09.2022) സംസ്ഥാനത്തുണ്ടായ ആക്രമണ സംഭവങ്ങളെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ മുതൽ കേരളത്തിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ആക്രമണങ്ങൾ തുടരുകയായിരുന്നു.
റോം കത്തിയെരിയുമ്പോൾ വീണ വായിക്കുകയായിരുന്ന നീറോ ചക്രവർത്തിയെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രവർത്തനം. കൊക്കൂണിന്‍റെ പരിപാടിയിൽ അതാണ് കണ്ടതെന്നും വി മുരളീധരൻ പരിഹസിച്ചു. വിദ്വേഷ പ്രകടനം നടത്തിയവർക്ക് കോഴിക്കോട് സമ്മേളനം നടത്താൻ അനുമതി നൽകിയത് ആഭ്യന്തര വകുപ്പാണ്. ഈ പരിപാടിയിൽ നിന്ന് ലഭിച്ച ഊർജ്ജമാണ് ആക്രമണം നടത്താൻ ഇവർക്ക് ധൈര്യം നൽകിയത്.
മറ്റു സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു. അവിടെയൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇവർക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസിന്‍റെ മുന്നിൽ വച്ച് ആക്രമണം നടത്തിയിട്ട് പോലും പൊലീസ് ഒന്നും ചെയ്‌തില്ലെന്നും വി മുരളീധരൻ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന ആക്രമണം സൂചിപ്പിക്കുന്നത് ഇസ്‌ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യം സംസ്ഥാന സർക്കാർ നൽകിയെന്നാണ്. ഇത്രയും വ്യാപകമായ ആക്രമണങ്ങൾ ഒരിക്കലും നടന്നിട്ടില്ല. അറസ്റ്റിനെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള ആക്രമണങ്ങൾ തടയാൻ എന്ത് നടപടിയെടുത്തു എന്ന് വ്യക്തമല്ല.
രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്ന മഹാൻ രാഹുൽ ഗാന്ധി ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്‌നറിൽ ഉറങ്ങുകയായിരുന്നു. ഇത്രയും വലിയ ആക്രമണ സംഭവങ്ങളുണ്ടായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും വി മുരളീധരൻ ചോദിച്ചു. പോപ്പുലർ ഫ്രണ്ട് ആക്രമണത്തിനെതിരെ കെപിസിസി അധ്യക്ഷനോ, പ്രതിപക്ഷ നേതാവോ മിണ്ടിയില്ല.
സി പി എമ്മും കോൺഗ്രസും ഇസ്‌ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുകയാണന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിനെതിരെ ബിജെപി രംഗത്തുവരും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വി മുരളീധരൻ അറിയിച്ചു.
നിരപരാധികളെന്ന പോപ്പുലർ ഫ്രണ്ടിന്‍റെ വാദം കോടതി തീരുമാനിക്കട്ടെ. ഇന്നലെ തെരുവിൽ ഇത്രയും അക്രമം നടത്തിയവർ ശാന്തശീലരെന്ന് പറഞ്ഞ് ആരെ പറ്റിക്കാനാണ് ശ്രമിക്കുന്നത്. പച്ചവെള്ളം ചവച്ച് കുടിക്കുന്നവരെന്ന് വിശ്വസിക്കാൻ കഴിയില്ല. അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മ്യാൻമറില്‍ മലയാളികൾ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്ന വിഷയത്തിൽ ചില റിക്രൂട്ടിങ് ഏജൻസികൾക്ക് പങ്കുണ്ട്. ഏജൻസിക്കെതിരെ നടപടി വേണമെന്ന് മ്യാൻമറിലെ അംബാസിഡർ കത്തയച്ചു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിയുമെന്നും വി മുരളീധരൻ പറഞ്ഞു.