വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ച ഇന്നാരംഭിക്കും. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ കേരളകോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. കോട്ടയത്തിന് പുറമേ ചാലക്കുടി അല്ലെങ്കില്‍ ഇടുക്കി സീറ്റിലാണ് കേരളകോണ്‍ഗ്രസ് അവകാശവാദമുന്നയിക്കുക. ചാലക്കുടിയുടെ പഴയ മണ്ഡലമായ മുകുന്ദപുരത്ത് കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ച് വിജയിച്ചതും, എല്‍.ഡി.എഫിലായിരുന്നപ്പോള്‍ ജോസഫ് വിഭാഗം ഇടുക്കിയിൽ മത്സരിച്ച് വിജയിച്ചതിനാലുമാണ് ഈ രണ്ടു സീറ്റുകൾ കേരളകോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇടുക്കി സീറ്റിനായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്നതാണ് ലീഗിന്‍റെ ആവശ്യം.
കഴിഞ്ഞ തവണ മത്സരിച്ചതില്‍ കുടുതല്‍ സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് നല്‍കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഏതായാലും കേരളകോണ്‍ഗ്രിനെയും പി.ജെ ജോസഫിനെയും കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കാത്ത തരത്തില്‍ നിലവിലെ സീറ്റ് ധാരണ തുടരാനുള്ള ശ്രമങ്ങളാവും ഇന്നത്തെ യോഗത്തിലുണ്ടാവുക.