എറണാകുളം : കുട്ടമ്പുഴ അറാക്കപ്പ് ആദിവാസി പ്രശ്നത്തിൽ സർക്കാർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യുഡിഎഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസികളെ സന്ദർശിക്കാൻ യുഡിഎഫ് സംഘത്തിന്‍റെ നേതൃത്വത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അറാക്കപ്പ് കോളനിയിൽ നിന്നുള്ള 39 പേരാണ് കഴിഞ്ഞ ദിവസം ഇടമലയാർ വൈശാലി ഗുഹയ്ക്ക് സമീപം അഭയം പ്രാപിച്ചത്. എന്നാൽ വനം വകുപ്പ് അധികൃതർ അവരെ നിർബന്ധപൂർവം ഒഴിപ്പിക്കുകയായിരുന്നെന്ന് ഷിബു പറഞ്ഞു.
അറാക്കാപ്പ് കോളനിയിൽ വാസയോഗ്യമായ വീടോ മറ്റ് ജീവിത സാഹചര്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇടമലയാർ ഡാമിന് സമീപത്തെ വൈശാലി ഗുഹയ്ക്ക് സമീപം താമസിക്കാനായി ഇവർ എത്തിയത്.
Also read: 'കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല' ; നിലവിലേത് തുടരണോയെന്ന് ആലോചിക്കുമെന്നും സാബു എം ജേക്കബ്
വർഷങ്ങളായി ഇവർ പുനരധിവാസത്തിനായി സർക്കാർ ഓഫിസുകളിൽ നിവേദനങ്ങളുമായി അലയുകയാണ്. എന്നാൽ ഇതുവരെയും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് ഷിബു പറഞ്ഞു. ഇതേ തുടർന്നാണ് വീണ്ടും തങ്ങൾക്ക് അവകാശപ്പെട്ട സ്ഥലത്ത് കുടിൽ കെട്ടി താമസിക്കാനായി ഇവർ എത്തിയത്.
എന്നാൽ വനം വകുപ്പ് ഈ നീക്കം തടയുകയും ഇടമലയാർ യുപിഎസ് സ്കൂകൂളിന്‍റെ ഹോസ്റ്റലിൽ താൽക്കാലികമായി താമസിപ്പിക്കുകയും ചെയ്തു. അറാക്കപ്പിലേക്ക് ഇനി ഒരു മടക്കം ഇല്ലെന്നും വാസയോഗ്യമായ സ്ഥലത്ത് കുടിൽ കെട്ടാൻ അനുവദിക്കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം.