എറണാകുളം: ഉദയംപേരൂർ കൊലക്കേസിലെ പ്രതികളായ പ്രേംകുമാറിനെയും സുനിത ബേബിയെയും അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രേംകുമാറും കൊല്ലപ്പെട്ട ഭാര്യ വിദ്യയും താമസിച്ചിരുന്ന ഉദയംപേരൂരിലെ വാടകവീട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുപ്പിനായി എത്തിച്ചത്. വിദ്യ ഉള്ളപ്പോഴും സുനിത വീട്ടിൽ വന്നിട്ടുള്ളതായി പ്രേംകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. സുനിത ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീട്ടുടമയുടെയും അയൽവാസികളുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
പിന്നീട് പ്രേംകുമാർ കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മേക്കരയിലെ കടയിലും മദ്യം വാങ്ങിയ ചൂരക്കാടുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസ് കൂടുതൽ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യയുടെ മൃതശരീരം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി അപേക്ഷ നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകം നടന്ന തിരുവനന്തപുരം പേയാടും മൃതശരീരം ഉപേക്ഷിച്ച തിരുനെൽവേലിയിലും വരും ദിവസങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം ഇരുപത്തിനാലാം തിയതി വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.