എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതി താഹാ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലൻ ഷുഹൈബിന്‍റെ ജാമ്യം തുടരും. കേസിൽ താഹയുടെ പങ്കും പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ജാമ്യം റദ്ദാക്കിയത്. അലന്‍റെ പ്രായവും പിടിച്ചെടുത്ത രേഖകളുടെ സ്വഭാവം എന്നിവയും ഹൈക്കോടതി പരിഗണിച്ചു. താഹാ ഫസൽ ഉടൻ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രധാന നിർദ്ദേശവും കോടതി അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നായിരുന്നു എൻഐഎയുടെ പ്രധാന വാദം. യുഎപിഎ കേസുകളിൽ ജാമ്യത്തിന് വ്യവസ്ഥയില്ലെന്നും പ്രതികളുടെ ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എൻഐഎ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. തങ്ങൾക്കെതിരെ യുഎപിഎ ചുമത്താൻ തെളിവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.