എറണാകുളം: പിതാവിന് കന്നി വോട്ട് നൽകാൻ നാലംഗ സംഘം. മാറാടി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് വ്യത്യസ്തമായ ഈ തെരെഞ്ഞെടുപ്പ് വിശേഷം. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പി.പി ജോളിയുടെ മക്കളാണ് അപ്പയ്ക്ക് കന്നി വോട്ട് നൽകുവാനൊരുങ്ങുന്നത്. ജോളി-ജാൻസി ദമ്പതികൾക്ക് രണ്ട് രണ്ടു തവണയായി ഇരട്ട കുട്ടികളാണ് ജനിച്ചത്.
ആദ്യ പ്രസവത്തിൽ പോൾ, സെബാൻ, ഒരു വർഷത്തിന് ശേഷം മെറിൻ, മെർലിൻ എന്നിവരും ജനിച്ചു. ഈ നാല് പേർക്കും കന്നി വോട്ടിന് അവസരം ലഭിച്ചത് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്. കന്നിവോട്ട് പിതാവിന് നൽകാനായതിന്‍റെ സന്തോഷത്തിലാണ് മക്കൾ. നാല് പേരും ജോളിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും സജീവമാണ്. പൊതു പ്രവർത്തന രംഗത്ത് 40 വർഷമായി ജോളി പ്രവർത്തിക്കുന്നു. കഴിഞ്ഞ തവണയും യുഡിഎഫ് വിജയിച്ച വാർഡാണ് ഇത്. എൽഡിഎഫ് സ്ഥാനാർഥി ഒ.സി ഏലിയാസും എൻഡിഎ സ്ഥാനാർഥി മിഥുൻ രവിയുമാണ് എതിരാളികൾ.