എറണാകുളം: ആംആദ്‌മി പാർട്ടിയുമായുളള ബന്ധം ഉപേക്ഷിച്ചതായി കിഴക്കമ്പലം കേന്ദ്രമായ പ്രവർത്തിക്കുന്ന ട്വന്‍റി20 പാർട്ടി. ഇരു പാർട്ടികളും തമ്മിലുള്ള പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) രാഷ്ട്രീയ സഖ്യം പിരിച്ചു വിടുന്നതായും ട്വന്‍റി20 വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷമായിട്ട് പൊതുമിനിമം പരിപാടി തയ്യാറാക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം (Twenty20 And AAP).
സംഘടനാപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളില്‍ വ്യത്യാസമുള്ളത് കൊണ്ട് രണ്ടു പാർട്ടികൾക്കും ആശയപരമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന സഖ്യം തുടരുന്നത് രാഷ്ട്രീയമായും സംഘടനാപരമായും ട്വന്‍റി20യ്ക്ക് ഗുണകരമാകില്ലെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതായി വന്നതെന്ന് തുറന്ന് സമ്മതിച്ചാണ് സഖ്യത്തിൽ നിന്നും ട്വന്‍റി20 പിന്മാറുന്നത് (Twenty20 Dissolves People's Welfare League).
ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ട്വന്‍റി20 പാർട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബ് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ ഇമെയിലിലൂടെ അറിയിച്ചു. പീപ്പിൾസ് വെൽഫയർ അലയൻസ് (People's Welfare Alliance (PWA) എന്ന സഖ്യം വേർപിരിയുന്നതായി കേരള സമൂഹത്തെ അറിയിക്കുന്നതായും ട്വന്‍റി20 വാർത്ത കുറിപ്പിൽ വ്യക്തമാക്കി (Twenty20). കേരളം സമാനതകളില്ലാത്ത തരത്തിൽ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസന സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്‍റി20 പാർട്ടി ശക്തമായി പ്രവർത്തിക്കുമെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി (Twenty20 Party Separated From Aam Admi Party).
2022 മെയ് 15നാണ് പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം കേരളത്തില്‍ രൂപീകരിച്ചത്. കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടിൽ നടന്ന ഒരു പൊതു സമ്മേളനത്തിൽ വച്ചാണ് സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടായത് (Aam Admi Party). ട്വന്‍റി20 പാർട്ടി പ്രസിഡന്‍റ് സാബു എം.ജേക്കബും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും (Aravind Kejriwal) ചേർന്നാണ് പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം കേരളത്തിൽ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ അഴിമതിയും ദുർ ഭരണത്തിനും ബദലെന്ന പ്രഖ്യാപനത്തോടെയായിരുന്നു സഖ്യം നിലവിൽ വന്നത്.