എറണാകുളം: കുന്നത്തുനാട് എം.എൽ.എ പി.വി.ശ്രീനിജനെതിരെ രൂക്ഷ വിമർശനവുമായി ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. പൊതു വേദിയില്‍ വച്ച് പരസ്യമായി തന്നെ അപമാനിച്ചെന്ന ചൂണ്ടിക്കാട്ടി എംഎല്‍എ സാബുവിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയായിരുന്നു വിമര്‍ശനം.
ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ക്ഷണിക്കാതെ എം.എൽ.എ കടന്നുവരികയാണെന്നും പഞ്ചായത്തിന്‍റെ ദൈനംദിന കാര്യങ്ങളിൽ എം.എൽ എ ഇടപെടുന്നുവെന്നും സാബു കുറ്റപ്പെടുത്തി. എം എൽ എ മറ്റുള്ളവരുടെ അധ്വാനഫലം പറ്റാൻ ശ്രമിക്കുകയാണ്. ട്വന്‍റി ട്വന്‍റിയെ തകർക്കാൻ ശ്രമിക്കുന്ന പി.വി.ശ്രീനിജനെ ബഹിഷ്കരിക്കാൻ പാർട്ടി തീരുമാനിച്ചതാണ്.
പാർട്ടി നയപരമായ തീരുമാനം അനുസരിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റും മെമ്പർമാരും ഇറങ്ങി പോയത്. അത് പ്രതിഷേധത്തിന്‍റെ ഭാഗമാണ്. നിയമസഭയിലും പാർലമെന്‍റിലും അംഗങ്ങൾ പ്രതിഷേധത്തിന്‍റെ ഭാഗമായി ഇറങ്ങി പോകാറുണ്ട്. ഇത് എങ്ങനെയാണ് ജാതീയമായ അധിക്ഷേപമാവുകയെന്നും സാബു ചോദിച്ചു.
തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന പാർട്ടി നേതാക്കളുമായി വേദി പങ്കിടില്ല. ലോട്ടറിയടിച്ച പോലെയാണ് കുന്നത്തുനാട്ടിൽ ശ്രീനിജന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അധികാരസ്ഥാനത്തിന്‍റെ സുഖത്തിലാണ് ശ്രീനിജൻ.
ട്വന്‍റി ട്വന്‍റി വളർന്നാൽ തനിക്ക് ഉയർച്ചയുണ്ടാകില്ലെന്ന് ശ്രീനിജൻ തിരിച്ചറിഞ്ഞു. ഇതോടെയാണ് ചീഫ് കോർഡിനേറ്ററായ തനിക്കെതിരെ നീക്കം ആരംഭിച്ചത്. തന്നെയും തന്‍റെ സ്ഥാപനത്തെയും ഇല്ലാതാക്കാൻ ശ്രമം നടത്തുന്നുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു.
തനിക്കെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും സാബു ജേക്കബ് പറഞ്ഞു. അതേസമയം എം.എൽ.എയെ വ്യക്തിപരമായി ഇകഴ്ത്തി സംസാരിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന് അദ്ദേഹം ബഹുമാനം അർഹിക്കുന്നില്ലന്നായിരുന്നു സാബു എം. ജേക്കബിന്‍റെ മറുപടി.
കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കിടയാക്കിയ സംഭവം. ഐക്കരനാട് പഞ്ചായത്തില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ശ്രീനിജന്‍ എത്തിയതോടെ ട്വന്‍റി ട്വന്‍റി പഞ്ചായത്ത് മെമ്പര്‍മാരെല്ലാം വേദിയില്‍ നിന്ന് ഇറങ്ങി പോകുകയും സദസിലെ ഇരിപ്പിടത്തില്‍ ചെന്നിരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പരിപാടിക്ക് ക്ഷണിച്ചത് കൊണ്ടാണ് താന്‍ ചെന്നതെന്നും എംഎല്‍എ പറയുന്നു.
സാബു ഉള്‍പ്പടെയുള്ള ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകര്‍ തനിക്കെതിരെ നിരവധി തവണ പരസ്യ പ്രസ്‌താവനകള്‍ ഇറക്കുകയും അധിക്ഷേപമുയര്‍ത്തുകയും ചെയ്‌തിട്ടുണ്ടെന്ന് കാണിച്ച് എംഎല്‍എ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സാബുവിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന പരിധിയില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.