എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി ട്വന്‍റി. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളായ കുന്നത്ത് നാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിൻ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്‍റെ മരുമകന്‍ ഡോ.ജോ ജോസഫും ഉള്‍പ്പെടുന്നു. കോതമംഗലം മണ്ഡലത്തിലാണ് ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ട്വന്‍റി ട്വന്‍റിയുടെ ഉപദേശക സമിതി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
നടൻ ശ്രീനിവാസനും, സംവിധായകൻ സിദ്ധിഖും പാര്‍ട്ടിയില്‍ അംഗങ്ങളായി. ട്വന്‍റി ട്വന്‍റിയുടെ നന്മയിൽ ആകൃഷ്‌ടനായാണ് താൻ ഈ സംഘടനയുമായി സഹകരിക്കുന്നതെന്ന് നടൻ ശ്രീനിവാസൻ വ്യക്തമാക്കി. രാഷ്‌ട്രീയത്തിൽ പ്രതീക്ഷ നഷ്‌ടപ്പെട്ട തന്നെപ്പോലുള്ളവർക്ക് ട്വന്‍റി ട്വന്‍റി വലിയ പ്രതീക്ഷയാണെന്നും കെജ്‌രിവാൾ ഡൽഹിയിൽ ഭരണം നേടിയ മാതൃകയിൽ കേരളത്തിൽ ട്വന്‍റി ട്വന്‍റി അധികാരത്തിൽ വരുന്ന കാലം അതിവിദൂരമല്ലന്നും നടൻ ശ്രീനിവാസൻ കൂട്ടിച്ചേര്‍ത്തു.
പതിനാല് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ട്വന്‍റി ട്വന്‍റി ഉദ്ദേശിക്കുന്നത്. ഒമ്പത് സ്ഥാനാര്‍ഥികളെ കൂടി ഉടൻ പ്രഖ്യാപിക്കും. കുന്നത്ത് നാട്ടില്‍ ഡോ സുജിത്ത് പി. സുരേന്ദ്രനും, പെരുമ്പാവൂരില്‍ ചിത്ര സുകുമാരനും, മൂവാറ്റുപുഴയില്‍ മാധ്യമ പ്രവർത്തകനായ സി.എൻ. പ്രകാശനും, വൈപ്പിനില്‍ ഡോ. ജേക്കബ് ചക്കാലക്കലും സ്ഥാനാര്‍ഥികളാകും.ഇവരെല്ലാം പ്രൊഫഷണലുകളാണെന്ന പ്രത്യേകതയുമുണ്ട്.
അഴിമതി മുക്ത വികസന മാതൃക അവതരിപ്പിച്ചതിനാലാണ് ട്വന്‍റി ട്വന്‍റിയെ ജനങ്ങൾ സ്വീകരിച്ചതെന്ന് പ്രസിഡന്‍റ് സാബു ജേക്കബ് പറഞ്ഞു. വിജയിച്ചേ അടങ്ങൂ എന്ന വാശിയില്ല. ജനങ്ങൾക്ക് വേണമെങ്കിൽ തങ്ങളെ വിജയിപ്പിക്കാമെന്ന് സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം പിടിച്ചാണ് ട്വന്‍റി ട്വന്‍റി രാഷ്‌ട്രീയ രംഗത്ത് ചുവടുറപ്പിച്ചത്. നിലവിൽ അഞ്ച് പഞ്ചായത്തുകളിൽ ട്വന്‍റി ട്വന്‍റി ഭരണം നടത്തുന്നുണ്ട്.