എറണാകുളം: അന്തരിച്ച സിനിമ - സീരിയൽ താരം സുബി സുരേഷിന്‍റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വരാപ്പുഴയിലെ വീട്ടിൽ എത്തിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വച്ച് അന്തിമോപചാരം അർപ്പിക്കും. തുടർന്ന് പുത്തൻപള്ളി പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പത്ത് മണി മുതൽ മൂന്ന് മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്.
സമൂഹത്തിന്‍റെ നാനാ തുറകളിൽ നിന്നുള്ളവർ ഇവിടെ എത്തിയാകും അവസാനമായി നടിയെ ഒരു നോക്കു കാണുക. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി സുരേഷ് ബുധനാഴ്‌ച രാവിലെ ഒമ്പതര മണിയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്‌ചയായി കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കരൾമാറ്റ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ശ്രമം നടന്നുവരികയും കരൾ ദാതാവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളാവുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക് തിരിച്ചെത്തിക്കാനുളള ശ്രമം പരാജയപ്പെട്ടത്.