എറണാകുളം: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചാക്കുകൾ ഗ്രോബാഗുകളാക്കി അതിൽ ജൈവ മഞ്ഞൾ കൃഷി നടത്തി വിജയം കൊയ്യുകയാണ് ചെറുകിട കർഷകനായ മഹറൂബ്. കോതമംഗലം മൈലൂർ നിവാസിയായ പൊന്നിരിക്കൽ മഹറൂബ് പരീക്ഷണ കൃഷിയായിട്ടാണ് തുടങ്ങിയതെങ്കിലും മികച്ച വിജയമാണ് മഞ്ഞൾ കൃഷിയില്‍ നേടിയിരിക്കുന്നത്.
കർഷക കുടുബത്തിൽ ജനിച്ച മഹറൂബിന്‍റെ 23 സെന്‍റ് ഭൂമിയില്‍ തെങ്ങും വാഴയും കൃഷി ചെയ്യുന്നുണ്ട്. അതിനിടെയിലാണ് മഞ്ഞൾ കൃഷി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ട 200 ഓളം പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണും ജൈവവളങ്ങളും നിറച്ചാണ് കൃഷി രീതി. മഞ്ഞൾ കൃഷിക്കൊപ്പം ചാക്കുകളിൽ ഇഞ്ചി കൃഷിയും ഇപ്പോൾ പരീക്ഷിച്ചു വരികയാണ്. മഞ്ഞൾ കൃഷി വിജയമായാൽ അടുത്ത വർഷം മുതൽ കൂടുതൽ ചാക്കുകളിൽ ഇഞ്ചി കൃഷി നടത്താനും ഇദ്ദേഹം ലക്ഷ്യമിടുന്നു.
ചാക്കിൽ നടത്തുന്ന കൃഷിയിലൂടെ വിളവെടുക്കുന്ന മഞ്ഞൾ നേരിട്ട് വില്‍പന നടത്തുന്നില്ല, പകരം പുഴുങ്ങി, ഉണക്കി പൊടിച്ചാണ് വിൽപ്പന. ആവശ്യക്കാർക്ക് മുഴുവൻ മഞ്ഞൾ പൊടി നൽകാൻ കഴിയുന്നില്ലെന്നാണ് മഹറൂബിന്‍റെ പരിഭവം. അതിനാൽ വരും വർഷങ്ങളിൽ വീടിന്‍റെ മട്ടുപ്പാവിലേക്ക് കൃഷി വിപുലീകരിക്കാൻ ആലോചനയുമുണ്ട്. ലാഭം പ്രതീക്ഷിക്കാതെ ശുദ്ധമായ മഞ്ഞൾ പൊടി നാട്ടുകാർക്ക് നൽകുന്നതാണ് തന്‍റെ സംതൃപ്‌തിയെന്ന് മഹറൂബ് പറയുന്നു.