എറണാകുളം: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കർമ്മ പദ്ധതി കൊച്ചി മെട്രോ തയ്യാറാക്കും. പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും എട്ട് മാസത്തിനുളളിൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളെ കുറിച്ചുള്ള പഠനം ഒരേ സമയത്ത് തന്നെ നടത്തും.
പദ്ധതി ഒരേ സമയത്ത് തന്നെ നടപ്പിലാക്കുന്നതാണ് ചെലവ് കുറയ്‌ക്കാന്‍ നല്ലതെന്നാണ് കെ.എം.ആർ.എൽ. അറിയിച്ചത്. രണ്ട് നഗരങ്ങളുടെയും ഗതാഗത സാഹചര്യങ്ങൾ വിലയിരുത്തുന്ന സമഗ്ര ഗതാഗത പദ്ധതിയാണ് ആദ്യം തയ്യാറാക്കുന്നത്. കൊച്ചി മെട്രോ നടത്തുന്ന പഠനത്തിന് ശേഷമായിരിക്കും തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കുക.
മെട്രോ നിയോ, ലൈറ്റ് മെട്രോ, കൺവെൻഷനൽ മെട്രോ തുടങ്ങി മൂന്ന് തരത്തിലാണ് രാജ്യത്ത് മെട്രോയെ തരംതിരിച്ചിരിക്കുന്നത്. മെട്രോ നിയോ നിർമിക്കാൻ ഒരു കിലോമീറ്ററിന് അറുപത് കോടിയും, ലൈറ്റ് മെട്രോയ്‌ക്ക് കിലോമീറ്ററിന് 150 കോടിയും, കൺവെൻഷണൽ മെട്രോയ്‌ക്ക് കിലോമീറ്ററിന് ഇരുന്നൂറ് കോടിയുമാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. സാധാരണ മെട്രോയിൽ ഒരേ സമയത്ത് തൊള്ളായിരം പേർക്ക് യാത്ര ചെയ്യാൻ കഴിയുമെങ്കിൽ, ലൈറ്റ് മെട്രോയിൽ എഴുന്നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.
മെട്രോ സംവിധാനം യാത്രക്കാരുടെ എണ്ണമനുസരിച്ച്: ഒരു ദിശയിൽ ഒരു മണിക്കൂറിൽ ശരാശരി 15000 ൽ കൂടുതലാണ് യാത്രക്കാരെങ്കിൽ കൊച്ചിയിലേത് പോലുള്ള മെട്രോ സംവിധാനത്തിന് അനുമതി ലഭിക്കും. 10,000 ത്തിനും 15000 ത്തിനും ഇടയിലാണ് യാത്രക്കാരെങ്കിൽ കേന്ദ്ര മാനദണ്ഡമനുസരിച്ച് ലൈറ്റ് മെട്രോയ്‌ക്കായിരിക്കും അനുമതി ലഭിക്കുക. 10,000 ത്തിൽ കുറവാണ് യാത്രക്കാരെങ്കിൽ മെട്രോ നിയോയ്‌ക്കാണ് കേന്ദ്രം അനുമതി നൽകുക.
തിരുവനന്തപുരത്ത് 39 കിലോമീറ്ററും കോഴിക്കോട് 26 കിലോ മീറ്ററും നിർമാണത്തിനാണ് പദ്ധതി തയ്യാറാക്കുന്നത്. എന്നാർ ഇതിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള ഏജൻസികളെയാണ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തുക.
ഈ രൂപരേഖയ്‌ക്ക് സംസ്ഥാനത്തിന്‍റെ അനുമതിക്കൊപ്പം കേന്ദ്ര അംഗീകാരവും ആവശ്യമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാതീരുമാനം കഴിഞ്ഞ ആഴ്‌ച യാണ് വന്നത്. കേന്ദ്ര മെട്രോ നയമനുസരിച്ച് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ നിർമാണവും നടത്തിപ്പും കൊച്ചി മെട്രോ തന്നെയാണ് നിർവഹിക്കുക. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം പദ്ധതി ലാഭകരമാകാനുളള സാധ്യത കുറവാണ്. കൊച്ചി മെട്രോയും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്നില്ല.