എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്ന് രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. രേഖകൾ പ്രതിയായ ദിലീപിന്‍റെ ഫോണിൽ കണ്ടെത്തിയെന്നും കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരവിൻ്റെ രണ്ട് പേജ് ദിലീപിൻ്റെ ഫോണിൽ കണ്ടുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു.
അതേസമയം അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ല. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്നും കോടതി ചോദിച്ചു. കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല.
അതാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ദിലീപിൻ്റെ ഫോണിൽ നിന്നും കണ്ടെത്തിയത് രഹസ്യരേഖയല്ലെന്നും രേഖകൾ ചോർന്നുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം അന്വേഷണ സംഘത്തിന് കോടതി ജീവനക്കാരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാമെന്നും അതിന് കോടതിയുടെ അനുമതി ആവശ്യമില്ലന്നും കോടതി വ്യക്തമാക്കി. എന്നാൽ ജീവനക്കാരെ ദിലീപ് സ്വാധീനിച്ചുവെന്നും രേഖകൾ ചോർന്നുവെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.