എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി. മാർച്ച് ഒന്നിന് മുൻപ് നൽകണമെന്നും കോടതി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആറു മാസം സമയം നൽകണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളിയാണ് കോടതി നിർദേശം.
വിചാരണ നടപടികൾ പൂർത്തിയാക്കാൻ ആറു മാസത്തെ സമയം അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കട്ടെ എന്ന നിലപാടായിരുന്നു സുപ്രീം കോടതി സ്വീകരിച്ചത്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ഒരു മാസത്തിനകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയം വിചാരണ കോടതി അനുവദിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്. കോടതി നിർദേശത്തെ തുടർന്ന് തുടരന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടുതൽ സാക്ഷികളെ വിസ്‌തരിക്കാൻ അനുമതി നൽകണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നുവെങ്കിലും ഹൈക്കോടതി എട്ട് സാക്ഷികളെ വിസ്‌തരിക്കാൻ അനുമതി നൽകുകയായിരുന്നു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ദൃശ്യങ്ങൾ കോടതിക്ക് കൈമാറാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഹർജി ഈ മാസം 5ന് പരിഗണിക്കാൻ മാറ്റി വെച്ചു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന സ്വകാര്യ അപ്പാർട്ട്മെന്‍റിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. എം.ജി റോഡിലെ അപ്പാർട്ട്‌മെന്‍റിൽ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Also Read: ഡിജിറ്റല്‍ കറൻസി, ഗതാഗതത്തിന് ഗതിശക്തി: ആത്മനിർഭർ ബജറ്റുമായി നിർമല സീതാരാമൻ