എറണാകുളം: പോയാലിമലയെ ഹരിതാഭമാക്കാൻ യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. അമ്പത് ഏക്കറോളം പടർന്ന് കിടക്കുന്ന മലയുടെ പല ഭാഗങ്ങളിലായി അഞ്ഞൂറോളം തൈകളാണ് നട്ടത്. മുവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലാണ് പോയാലിമല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്. അമ്പത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയുടെ മുകളിൽ ഗുഹയും ഒരിക്കലും വെള്ളം വറ്റാത്ത കിണറും ഉണ്ട്.
ഈ പ്രദേശത്ത് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ബഡ്ജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് തണലൊരുക്കുക എന്ന ഉദ്ദേശത്തിലാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. തുടർന്നുള്ള പരിപാലനവും യുണൈറ്റഡ് ലൈബ്രറി തന്നെ ഏറ്റെടുക്കും. ഹൈറേഞ്ചിലേക്ക് പോകുന്ന നൂറ് കണക്കിന് ടൂറിസ്റ്റുകൾക്ക് പോയാലിമല ഒരു ഇടത്താവളമാകുമെന്ന കാര്യത്തിൽ സംശയമില്ല.