എറണാകുളം: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ട്രാവല്‍ ഏജൻസി ഉടമയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി കുളക്കാടൻകുഴിയില്‍ അലിയാര്‍ (49) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പെരുമ്പാവൂരിൽ നിന്നും മാനാറിക്ക് പോകുന്നതിനിടെ കീഴില്ലത്ത് വച്ചാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സിഐ എം.എ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു കാഞ്ഞാർ സ്വദേശിനിയായ ഇരുപത്തിനാലുകാരി. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നല്‍കിയത്. ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും മതം മാറ്റാൻ ശ്രമിച്ചെന്നും യുവതി മൊഴി നൽകി. പ്രതിയെ ഗോവയിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.