കൊച്ചി/കോഴിക്കോട് : കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ‘മാതാപിതാക്കൾ’ എന്ന് തിരുത്തണം എന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ ദമ്പതികൾ ഹൈക്കോടതിയിൽ. അച്ഛനും അമ്മയും എന്ന് പ്രത്യേകമായി രേഖപ്പെടുത്തുന്നതിന് പകരം ‘മാതാപിതാക്കൾ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ സഹദും സിയ പാവലും ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യത്തിൽ സർക്കാറിന്‍റെ നിലപാട് തേടിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി വീണ്ടും ജൂലൈ 27ന് പരിഗണിക്കാൻ മാറ്റി.
1999ലെ കേരള രജിസ്ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് റൂൾസ് സെക്ഷൻ 12 പ്രകാരം പിതാവിന്‍റെ പേര് സിയ പാവൽ (ട്രാൻസ്ജെൻഡർ) എന്നും അമ്മയുടെ പേര് സഹദ് (ട്രാൻസ്ജെൻഡർ) എന്നും രേഖപ്പെടുത്തി കോഴിക്കോട് കോർപറേഷൻ ജനന സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ കുട്ടിയുടെ ബയോളജിക്കൽ അമ്മ പുരുഷനായി ജീവിക്കുന്നതിനാൽ ‘മാതാപിതാക്കൾ’ എന്നാക്കി സർട്ടിഫിക്കറ്റ് വേണമെന്ന അപേക്ഷ കോർപ്പറേഷൻ നിരസിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
കുട്ടിക്ക് പുരുഷൻ ജന്മം നൽകി എന്നത് ഒഴിവാക്കാനാണ് ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളെന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത്. അച്ഛനും അമ്മയും എന്ന് രേഖപ്പെടുത്തുന്നത് കുട്ടിയുടെ സ്‌കൂൾ പ്രവേശനം, ആധാർ രേഖ, പാസ്പോർട്ട് എന്നിവയിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ടെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭിന്നലിംഗ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
ALSO READ : 'അവർക്ക് സൗഖ്യം': ഇന്ത്യയിൽ ആദ്യം, ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു
കഴിഞ്ഞ നാല വർഷമായി ഒന്നിച്ചു ജീവിക്കുന്ന ട്രാൻസ് ദമ്പതികളായ സിയ പവലിനും സഹദിനും 2023 ഫെബ്രുവരി 8ന് ആണ് കുഞ്ഞ് പിറന്നത്. ഉമ്മത്തൂര്‍ സ്വദേശികളായ ദമ്പതികൾ തങ്ങളുടെ ജീവിതം മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്ന് വ്യത്യസ്‌തമാകണമെന്ന് ആഗ്രഹിച്ചതോടെയാണ് ഒരു കുട്ടി വേണമെന്ന് ഇരുവരും ചിന്തിച്ച് തുടങ്ങിയത്.
പരിവർത്തന പ്രക്രിയയുടെ ഭാഗമായി, ഇരുവരും ഹോർമോൺ തെറാപ്പിക്ക് വിധേയരായിരുന്നു. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്‍റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവൽ സർജറിയും ചെയ്‌തിരുന്നു. എന്നാൽ ഗർഭപാത്രം നീക്കാനുള്ള ശസ്‌ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് ഇരുവർക്കുമിടയിൽ കുഞ്ഞെന്ന ആഗ്രഹം വന്നത്. ക്ലാസിക്കൽ നൃത്താധ്യാപികയായ സിയയാവട്ടെ ട്രാൻസ് സ്‌ത്രീയാവാനുള്ള ശസ്‌ത്രക്രിയക്ക് വിധേയയായിരുന്നില്ല്. ഇതോടെയാണ് ട്രാൻസ് ദമ്പതികളുടെ കുട്ടിയെന്ന സ്വപ്‌നം യാഥാർഥ്യമായത്.
സഹദ് ബ്രസ്റ്റ് റിമൂവൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമായതിനാൽ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ല. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴിയാണ് സംവിധാനമൊരുക്കിയത്. അന്താരാഷ്‌ട്ര വനിത ദിനത്തില്‍ കുഞ്ഞിനെ സബിയ സഹദ് എന്നാണ് സഹദ്- സിയ ദമ്പതികള്‍ പേര് ചൊല്ലി വിളിച്ചത്. കോഴിക്കോട് വച്ചായിരുന്നു കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങ് നടന്നത്.
ALSO READ : 'അവള്‍ സമൂഹത്തില്‍ പ്രകാശം പരത്തുന്നവളാകണം'; കുഞ്ഞിനെ പേര് ചൊല്ലി വിളിച്ച് സഹദ്-സിയ ദമ്പതികള്‍