എറണാകുളം: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള കുട്ടികളെ എൻ.സി.സിയിൽ ചേർക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. എൻ.സി.സിയും കേന്ദ്രസർക്കാരും ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥിനി നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ട്രാൻസ്ജെൻഡൽ വിദ്യാർഥികൾക്ക് എൻ.സി.സിയിൽ പ്രവേശനം അനുവദിക്കുന്ന മാർഗ നിർദേശങ്ങളും ചട്ടങ്ങളും നിലവിലില്ല. ട്രാൻസ്ജെൻഡേഴ്‌സിന് പ്രവേശനം അനുവദിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
പരിശീലനത്തിന്‍റെ ഭാഗമായി ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമ്പോൾ മറ്റുള്ളവരുമായി ഒരുമിച്ച് താമസിക്കുകയും ഇടപഴകുകയും ചെയ്യേണ്ടതായി വരും. എതിർലിംഗത്തിൽ പെട്ടവരോടൊപ്പം ട്രാൻസ്ജെൻഡഴ്‌സിനെ പരിശീലനത്തിനും മറ്റും ഉൾക്കൊള്ളിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനിയായ ഹിന ഹനിഫ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പെൺകുട്ടികൾക്കായുള്ള എൻ.സി.സിയിൽ പ്രവേശനം നിഷേധിച്ചുവെന്നാണ് ഹർജിക്കാരിയുടെ പരാതി. വിശദമായ വാദത്തിനായി കോടതി ഹർജി മാറ്റിവച്ചു.