എറണാകുളം: വൈദ്യുതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ പകൽ പന്തം കൊളുത്തി സമരം. ഊര് മൂപ്പൻ പൊന്നപ്പൻ ചന്ദ്രൻ, കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, എന്നിവരുടെ നേതൃത്വത്തിലാണ് പകൽ പന്തം കൊളുത്തി സമരം നടന്നത്.
സമ്പൂർണ വൈദ്യുതീകൃത ജില്ലയായ എറണാകുളത്തെ കുഞ്ചിപ്പാറയിൽ 600ഓളം ആദിവാസി കുടുംബങ്ങളാണ് ഇപ്പോഴും ഇരുട്ടിൽ കഴിയുന്നത്. അധികാരികളുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് മുളംതണ്ടിൽ തീർത്ത പന്തവുമായാണ് ആദിവാസികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
മുൻപൊരിക്കലും ഇതുപോലെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടില്ലാത്ത കാടിന്‍റെ മക്കളുടെ ആവശ്യം അധികൃതർ കാണാതെ പോകരുതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
വെളിച്ചമില്ലാതെ നൂറുകണക്കിന് കുടുംബങ്ങൾ
2017 മേയ് 29ന് വൈദ്യുതീകരിക്കാത്ത ഒരു വീടുകൾ പോലും ഇല്ലാത്ത ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ, തലവച്ചപ്പാറ, മീങ്കുളം തുടങ്ങിയ ആദിവാസി കോളനികളിലെ ജനങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.
കുടിയേറ്റ മേഖലയായ കല്ലേലിമേട്ടിൽ ഇപ്പോഴും മണ്ണെണ്ണ വിളക്കാണ് ആശ്രയം. മൊബൈൽ നെറ്റ്‌വർക്കും വൈദ്യുതിയും ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകാത്ത നൂറുകണക്കിന് കുട്ടികളാണ് ഈ ഊരുകളിലുള്ളത്. വെളിച്ചമില്ലാത്തതിനാൽ രാത്രി ആന വന്ന് മുറ്റത്തു നിന്നാൽ പോലും അറിയാൻ കഴിയില്ലെന്നും ഊര് നിവാസികൾ പറയുന്നു. വൈദ്യുതി ഉടൻ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ സംഘടിപ്പിക്കാനാണ് ഊര് നിവാസികളുടെ തീരുമാനം.
Also Read: അധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും