എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ കൊച്ചി മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മണി. ബയോ മൈനിങ് കരാർ ഏറ്റെടുത്ത ആരോപണ വിധേയരായ സോണ്ട കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധമുണ്ട്. സോണ്ട കമ്പനിയുടെ ഗോഡ്‌ഫാദറാണ് കേരള മുഖ്യമന്ത്രിയെന്നും കരാർ ലഭിക്കും മുൻപ് 2019 മേയ് എട്ട് മുതൽ 12 വരെ നെതർലൻഡില്‍ വച്ച് സോണ്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയെന്നും ടോണി ചമ്മിണി ആരോപിച്ചു.
സോണ്ട കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സോണ്ട പ്രതിനിധികളുമൊത്തുള്ള ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. സോണ്ട ഡയറക്‌ടർമാരായ ഡെന്നീസ് ഈപ്പൻ, പീറ്റർ ബോയർ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. കേരളത്തിൽ മൂന്നിടത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാൻ്റിനായി ടെൻഡർ ലഭിച്ച കമ്പനിയുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്‌ച നടത്തിയത് ദുരൂഹമാണന്നും ടോണി ചമ്മണി പറഞ്ഞു.
കെഎസ്ഐഡിസിയെ ഏൽപ്പിച്ചത് ആരുടെ താത്‌പര്യത്തില്‍: കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ സോണ്ട കമ്പനിക്ക് ടെൻഡർ ലഭിച്ചതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണം. കേരളത്തിലെ എട്ട് കേന്ദ്രങ്ങളിൽ ഖരമാലിന്യ സംസ്‌കരണത്തിനായി വേസ്റ്റ് ടു എനർജി പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനായി ടെൻഡർ വിളിച്ചപ്പോൾ സോണ്ട കമ്പനിക്ക് വേണ്ടി കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്നും മുന്‍ മേയര്‍ ആരോപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനെ ഒഴിവാക്കി വേസ്റ്റ് ടു എനർജി പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ കെഎസ്ഐഡിസിയെ ഏൽപ്പിച്ചത് ആരുടെ താത്‌പര്യ പ്രകാരമാണ്. ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയെ ഏല്‍പ്പിച്ചതിന് പിന്നിൽ ചിലരുടെ താത്‌പര്യങ്ങളുണ്ടെന്ന് സംശയിക്കുകയാണ്.
വിദേശത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി രണ്ട് ദിവസത്തിന് ശേഷം സിംഗിൾ ടെന്‍ഡറായി സോണ്ട കരാർ നേടിയത് സംശയാസ്‌പദമാണ്. കരാർ ലഭിക്കും മുൻപ് മുഖ്യമന്ത്രി കരാർ കമ്പനിയുമായി കൂടിക്കാഴ്‌ച നടത്തിയത് എന്തിനായിരുന്നു. സോണ്ട കമ്പനിക്ക് വേണ്ടിയാണ് കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും മൂന്ന് കരാറുകളും റദ്ദാക്കണമെന്നും ടോണി ആവശ്യപ്പെട്ടു. മാലിന്യ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡർ സ്വീകരിക്കാനുള്ള ചുമതല കെഎസ്‌ഐഡിസിയെ ഏൽപിച്ച നടപടി സർക്കാർ പിൻവലിക്കണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ ടെന്‍ഡർ നടപടികൾ പൂർത്തീകരിക്കണമെന്നും മുൻ മേയർ ആവശ്യപ്പെട്ടു.
ലഭിച്ചത് വേസ്റ്റ് ബിൻ ഫ്രീ സിറ്റിക്കുളള അവാർഡ്: നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വസ്‌തുതാപരമായ പിശകുകൾ ഉണ്ട്. 2009ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിന് കേന്ദ്ര സർക്കാർ അവാർഡ് കൊച്ചിക്ക് ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ വേസ്റ്റ് ബിൻ ഫ്രീ സിറ്റിക്കുളള അവാർഡാണ് ലഭിച്ചതെന്നും ടോണി പറഞ്ഞു. യഥാർഥ പ്രതികളെ രക്ഷിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. കോടതി മേൽ നോട്ടത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.