എറണാകുളം: യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതം വിതച്ച് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലെ ശുചി മുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ മാസം തുറന്നു കൊടുത്ത ബസ് സ്റ്റാന്‍റിലെ ശുചിമുറിയിൽ നിന്നുള്ള മാലിന്യമാണ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഇതിന് സമീപമുള്ള ഗ്യാരേജിനു മുന്നിലേക്കാണ് മാലിന്യം ഒഴുകി എത്തുന്നത്.
പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന മാലിന്യം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യം കെട്ടിക്കിടന്നതോടെ പരിസരമാകെ ദുർഗന്ധം വമിക്കുകയും ഈച്ചയും കൊതുകും പെരുകുകയും ചെയ്തു. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടേയും ആവശ്യം.
.