എറണാകുളം: മൂവാറ്റുപുഴയിലെ പ്രൊഫ: ടിജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിയോടെയാണ് കൊച്ചിയിലെ എൻഐഎ കോടതി ജഡ്‌ജി അനിൽ ഭാസ്ക്കർ പ്രതികളുടെ ശിക്ഷ വിധിക്കുക. രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ട പതിനൊന്ന് പ്രതികളിൽ ആറു പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി ഇന്നലെ വിധിച്ചിരുന്നു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവുമായ എംകെ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ യുഎപിഎ കുറ്റം നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. ഇവർക്ക് ജീവപര്യന്ത്യം ശിക്ഷ നൽകണമെന്നാണ് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടത്. നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന് സമൂഹത്തിനാകെ പാഠമാകുന്ന ശിക്ഷ നൽകണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ നിലപാട് സ്വീകരിച്ചത്.
പ്രായമായ മാതാപിതാക്കൾ തന്നെ ആശ്രയിച്ച് കഴിയുന്നവരാണെന്നും ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട രണ്ടാം പ്രതി സജിലിനോട് വേദന എല്ലാവർക്കും ഒരുപോലെയാണെന്ന് ആക്രമണത്തിനിരയായ ജോസഫ് മാഷിന്‍റെ ജീവിതം ചൂണ്ടി കാണിച്ച കോടതി ഓർമിപ്പിച്ചു. ഒമ്പതാം പ്രതി നൗഷാദ് പതിനൊന്നാം പ്രതി മൊയ്‌തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ യുഎപിഎ നിയമ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല.
എന്നാൽ ഇവർക്കെതിരെ പ്രതികളെ ഒളിപ്പിച്ചു, തെളിവ് നശിപ്പിച്ചു എന്നി കുറ്റങ്ങൾ നിലനിൽക്കുമെന്നും നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഇവരുൾപ്പടെയുള്ളവരോട് വിധി പ്രഖ്യാപന വേളയിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഇവർ വിചാരണ വേളയിൽ ജയിലിൽ കഴിഞ്ഞതിനെ തുടർന്ന് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു.
12 വർഷത്തിന് ശേഷവും മുഖ്യപ്രതി കാണാമറയത്ത്; 4,6,7,8 ,10 പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഈ പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. രണ്ടാം ഘട്ട വിചാരണ പൂർത്തിയായെങ്കിലും അധ്യാപകന്‍റെ കൈവെട്ടിയ കേസ് അവസാനിക്കുന്നില്ലെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. നേരിട്ട് കുറ്റ കൃത്യത്തിൽ പങ്കാളിയായ ഒന്നാം പ്രതി സവാദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രവാചക നിന്ദയാരോപിച്ച് ക്രൂരകൃത്യം ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിയതും പോപ്പുലർ ഫ്രണ്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഒന്നാംഘട്ട വിചാരണയിൽ 31 പേരിൽ 13 പേരെ ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു. ഒളിവിൽ പോയ പ്രതികളിൽ ആദ്യഘട്ടത്തിൽ പിടിയിലായവർക്ക് കുറ്റപത്രം നൽകിയായിരുന്നു വിചാരണ പൂർത്തിയാക്കിയത്. പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ 11 പ്രതികളിൽ ആറു പ്രതികളാണ് ശിക്ഷാവിധി കാത്തിരിക്കുന്നത്.
കേട്ടുകേൾവിയില്ലാത്ത ക്രൂരകൃത്യം; തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപകനെ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്.
സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾ യോഗം ചേർന്ന് കുറ്റകൃത്യം എങ്ങനെ നടപ്പിലാക്കണം എന്നതിന്‍റെ രൂപരേഖ തയ്യാറാക്കിയായിരുന്നു. ഒരു തവണ അധ്യാപകനെതിരെ ആക്രമണം നടത്താനുള്ള ശ്രമം പാളിപ്പോയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയത്.
കൃത്യത്തിന് വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് ശേഷം പ്രാദേശിക സഹായം ലഭിച്ചെന്നും കണ്ടെത്തിയിരുന്നു. 2010 ജൂലായ് നാലിന് അധ്യാപകന്‍റെെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഈ സംഭവം എന്ന പ്രത്യേകതയും ഉണ്ട്.
'ശിക്ഷ നടപ്പക്കുന്നതിലൂടെ ഇരയ്ക്ക് നീതി ലഭിക്കുമെന്ന വിശ്വാസം തനിക്കില്ല' ; അതേസമയം ഒരു സാധാരണ പൗരനെന്ന നിലയിൽ കേസിന്‍റെ പരിസമാപ്‌തി എന്താണെന്ന് അറിയാനുള്ള ഇന്ത്യൻ പൗരന്‍റെ കൗതുകം മാത്രമാണ് തനിക്ക് ഉള്ളതെന്നാണ് ഇരയായ ടിജെ ജോസഫിന്‍റെ നിലപാട്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്ക് പണ്ടേ ഇല്ലന്നും, രാജ്യത്തിന്‍റെ നീതി നടപ്പിലാകുന്നു എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വിധി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നു.
'പ്രതികളും എന്നെപ്പോലെ ഇരയാക്കപ്പെട്ടവർ' ; പ്രതികളെ ശിക്ഷിക്കുകയോ, ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ തനിക്ക് വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ ഇല്ല എന്നതാണ് വാസ്‌തവം. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ എന്നെപ്പോലെ ഇരയാക്കപ്പെട്ടവരാണ്. ഒന്നാം പ്രതിയെ പിടികൂടാൻ കഴിയാത്തത് അന്വേഷണ സംഘത്തിന്‍റെ പരാജയമാണെന്ന വിമർശനവും ടിജെ ജോസഫ് ഉയർത്തിയിരുന്നു.