എറണാകുളം: ടൈറ്റാനിയം അഴിമതി കേസിൽ അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. പേഴ്സണൽ മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവർ ആരോപണ വിധേയരായ കേസാണ് ടൈറ്റാനിയം അഴിമതി കേസ്. ഇരുപത് വർഷം മുമ്പ് നടന്ന സംഭവത്തിൽ കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന വിദേശ കമ്പനിയിൽ നിന്നും രേഖകൾ കണ്ടെടുക്കാൻ പ്രയാസമാണ്. ഫിൻലാന്റ് ആസ്ഥാനമായ കമ്പനിയിൽ നിന്നാണ് യന്ത്രങ്ങൾ ഇറക്കുമതി ചെയ്തത്. ഇന്ത്യയും ഫിൻലാന്റും തമ്മിൽ നിയമപരമായ സഹകരണത്തിനുള്ള കരാർ നിലവിലില്ലാത്തതിനാൽ അന്വേഷണത്തിന് അവരുടെ സഹായം ലഭിക്കില്ല. സാക്ഷികളായ പദ്ധതിയുടെ കൻസൾട്ടന്റായിരുന്ന മെക്കോൺ കമ്പനിയിലെ ജീവനക്കാർ വിരമിക്കുകയോ, ഒഴിവാകുകയോ ചെയ്തിട്ടുണ്ട്. തീരുമാനമെടുത്ത ഡയറക്ടർ ബോർഡ് അംഗങ്ങൾ എല്ലാം വിരമിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് രേഖകളൊന്നും ശേഖരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ സിബിഐ കേസ് ഏറ്റെടുക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിക്കാൻ കഴിയില്ലന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് 120 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ടൈറ്റാനിയം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും വിശദീകരണം തേടിയിരുന്നുവെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.