എറണാകുളം: തൃശൂര്‍ പുതുക്കാട് പാളം തെറ്റിയ ട്രെയിന്‍ നീക്കി. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിന്‍റെ എന്‍ജിന്‍ ഉള്‍പ്പെടെ ആറ് ബോഗികളും പാളത്തില്‍ കയറ്റി.
ഒമ്പത് തീവണ്ടികൾ പൂർണമായി റദ്ദാക്കുകയും, അഞ്ച് തീവണ്ടികൾ ഭാഗിഗമായി റദ്ദാക്കി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് പുതുക്കാട് ചരക്ക് തീവണ്ടിയുടെ എഞ്ചിനും നാല് വാഗണുകളും പാളം തെറ്റിയത്. റെയിൽവേയുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വേഗത കുറച്ച് ഓടുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഇത് അപകടത്തിന്‍റെ വ്യാപ്തി കുറയുന്നതിന് കാരണമായി.
READ MORE: തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
തൃശൂർ എറണാകുളം റൂട്ടിൽ ട്രയിൻ ഗതാഗതം ആദ്യ ഘട്ടത്തിൽ പൂർണമായി തട്ടസപ്പെട്ടുവെങ്കിലും പിന്നീട് ഭാഗികമായി സർവീസ് പുനഃസ്ഥാപിച്ചിരുന്നു. റെയിൽവേ എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ പാളം തെറ്റിയ ബോഗികൾ നീക്കുന്ന ജോലികൾ വെള്ളിയാഴ്‌ച വൈകുന്നേരം തന്നെ തുടങ്ങിയിരുന്നു.
തുടർച്ചയായ പന്ത്രണ്ട് മണിക്കൂർ പരിശ്രമത്തിന് ശേഷമാണ് പാളം തെറ്റിയ എഞ്ചിനും ബോഗികളും പാളത്തിൽ നിന്ന് മാറ്റാൻ കഴിഞ്ഞത്. അപകടം പ്രധാനമായും ബാധിച്ചത് തൃശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിൻ സർവീസുകളെയാണ്. മറ്റു ട്രയിനുകളും മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തിയത്.