എറണാകുളം: തൃക്കാക്കര നഗരസഭ പണക്കിഴി വിവാദത്തിൽ നഗരസഭ മുൻ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലൻസ്. നഗരസഭയുടെ തനത് ഫണ്ട് ദുരുപയോഗം ചെയ്‌ത് 10,000 രൂപ വീതം കൗൺസിലർമാർക്ക് നൽകിയെന്ന് എഫ്ഐആറിൽ വിജിലന്‍സ് വ്യക്തമാക്കുന്നു. റവന്യു ഇൻസ്പെക്‌ടർ പ്രകാശ് കുമാറിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
രണ്ട് വർഷം മുമ്പ് ഓണത്തോട് അനുബന്ധിച്ചാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തൃക്കാക്കര നഗരസഭയുടെ ഓണാഘോഷത്തിന്‍റെ ഏകോപന ചുമതലയുണ്ടായിരുന്ന റവന്യു ഇൻസ്പെക്‌ടർ പ്രകാശ് കുമാർ, നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പനുമായി ഒത്തുചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി 10 ലക്ഷം രൂപ മുൻകൂർ തുക കൈപ്പറ്റി. ഓണാഘോഷം, ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വാർഷികം, സ്വാതന്ത്ര്യ ദിനം, ചിങ്ങം, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ എന്നീ പരിപാടികളുടെ ചെലവുകൾ അധികരിച്ച് കാണിക്കുകയും റവന്യു ഇൻസ്പെക്‌ടർ പ്രകാശ് കുമാർ കാക്കനാട് കുന്നുംപുറം ഏജൻസീസിൽ നിന്ന് ഒന്നും രേഖപ്പെടുത്താതെ വാങ്ങിയ ബില്ലിൽ 80,500 രൂപയുടെയും തൃക്കാക്കരയിലുള്ള പായസകലവറ എന്ന സ്ഥാപനത്തിന്‍റെ ബില്ലിൽ ഒരു 1,15,000 രൂപയുടെയും കാക്കനാടുള്ള ഹൈലൈറ്റ് ഫോട്ടോഗ്രഫിയിലെ ബില്ലിൽ 10,000 രൂപയുടെയും കൃത്രിമം നടത്തി നഗരസഭയുടെ തനത് ഫണ്ട് കൈവശപ്പെടുത്തുകയായിരുന്നു.
ഈ പണം 2021-ലെ ഓണാഘോഷത്തോടനുബന്ധിച്ച് 17.08.2021 തീയതി നഗരസഭ കൗൺസിലർമാർക്ക് അജിത തങ്കപ്പൻ 10,000 രൂപ വീതം ബ്രൗൺ കവറിലാക്കി നൽകി. കുറ്റകരമായ അധികാര ദുരുപയോഗം ചെയ്‌ത് സർക്കാരിന് നഷ്‌ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടാക്കിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. നഗരസഭയെ പിടിച്ചുലച്ച ഓണക്കിഴി വിവാദം പ്രതിപക്ഷ കൗൺസിലർമാരാണ് പുറത്ത് കൊണ്ടുവന്നത്.
ചില ഭരണപക്ഷ കൗൺസിലർമാർ ആദ്യം വാങ്ങിയ പണം തിരിച്ച് നൽകുകയും ചെയ്‌തിരുന്നു. തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സിപിഎം കൗൺസിലർമാർ തുടർച്ചയായ സമരങ്ങൾ നടത്തുകയുണ്ടായി. ഓണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ നൽകിയ പരാതിയിലായിരുന്നു സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
ഓണക്കിഴി വിവാദം ഉയർത്തിക്കാട്ടി അജിത തങ്കപ്പനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ ധാരണ പ്രകാരമാണ് കഴിഞ്ഞ മാസം മൂന്നാം തീയതി അജിത തങ്കപ്പൻ ചെയർപേഴ്‌സണ്‍ സ്ഥാനം രാജിവച്ചത്. ഐ ഗ്രൂപ്പ് പ്രതിനിധിയായ അജിതയ്ക്ക് പകരമായി എ ഗ്രൂപ്പിലെ രാധാമണി പിള്ളയാണ് നിലവിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ. രാഷ്‌ട്രീയ വിവാദങ്ങൾ ഒഴിയാത്ത തൃക്കാക്കര നഗരസഭയിൽ മുൻ ചെയർപേഴ്‌സൻ അഴിമതി കേസിൽ പ്രതിയായതോടെ പുതിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് കൂടിയാണ് തുടക്കമാവുന്നത്.
Also Read: പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് : ഐ.ജി ജി ലക്ഷ്‌മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്