എറണാകുളം: തൃക്കാക്കര നഗരസഭ അധ്യക്ഷ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയെന്ന പരാതിയിൽ വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട് ഇന്ന്(31/08/2021) സമർപ്പിക്കും. ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത് വിജിലൻസ് പരിശോധന നടത്തിയിരുന്നു.
നഗരസഭ ചെയർപേഴ്‌സണെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസങ്ങളില്ലെന്നാണ് വിജിലൻസിന്‍റെ വിലയിരുത്തൽ. ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്നത് ഉണ്ടെന്നും കൗൺസിലർമാരുടെ മൊഴിയെടുത്തപ്പോൾ ഇത് പണമാണെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്‌സന്‍റെ മൊഴി ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്നും ഇന്ന് ഓഫിസിൽ പോകുമെന്നും നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ അറിയിച്ചു. സെക്രട്ടറി സീൽ ചെയ്ത മുറിയിൽ പ്രവേശിക്കുന്നതിന് തടസമില്ലെന്നാണ് ചെയർപേഴ്‌സണ് ലഭിച്ച നിയമോപദേശമെന്നാണ് സൂചന. എന്നാൽ ചെയർപേഴ്‌സൺ എത്തി മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
നഗരസഭ അധ്യക്ഷയുടെ മുറി തുറക്കാൻ അനുവദിക്കരുതെന്ന് വിജിലൻസ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിൻ സീൽ ചെയ്തിരുന്നു. തന്‍റെ സാന്നിധ്യത്തിൽ വിജിലൻസ് മുറി തുറന്ന് പരിശോധിച്ചാൽ തടയില്ലെന്നാണ് അജിത തങ്കപ്പനും വ്യക്തമാക്കിയിട്ടുള്ളത്. തൃക്കാക്കര നഗരസഭയിൽ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരങ്ങൾ തുടരുകയാണ്.
Also Read: ആർ.എസ്.പി യുഡിഎഫിൽ ഉറച്ചുനിൽക്കും; കെ.മുരളീധരൻ എം.പി