എറണാകുളം: തൃക്കാക്കരയിൽ മർദനമേറ്റ രണ്ടര വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയുടെ സംരക്ഷണം താത്കാലികമായി ഏറ്റെടുക്കുകയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. അച്ഛൻ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും അന്വേഷണം നടത്തിയ ശേഷമാകും ഇതിൽ തീരുമാനം എടുക്കുക.
കുട്ടിയുടെ തുടർ ചികിത്സയ്ക്ക് സൗകര്യം ഒരുക്കും. കുട്ടി അപകടനില തരണം ചെയ്തെങ്കിലും തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. കുട്ടിക്ക് ശാരീരിക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കുട്ടിയുടെ കാഴ്‌ചയെയും സംസാരശേഷിയെയും ബുദ്ധിശക്തിയേയും ബാധിച്ചേക്കാമെന്ന് ഡോക്‌ടർമാർ അറിയിച്ചതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പരിക്കുള്ളതായും കണ്ടത്തി. തുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നിട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോകടറോട് അമ്മ പറഞ്ഞത്. എന്നാൽ അമ്മയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.