എറണാകുളം: കൊച്ചി പനമ്പിള്ളിനഗറിൽ ഓടയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്. മൂടാതെ കിടന്ന ഓവുചാലിന്‍റെ വിടവിലേയ്ക്കാണ് കുട്ടി വീണത്. ഒപ്പമുണ്ടായിരുന്ന അമ്മയാണ് കുട്ടിയെ രക്ഷിച്ചത്.
ഓടയിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി എട്ട് മണിക്കാണ് അപകടം. മെട്രോ ഇറങ്ങി മാതാപിതാക്കൾക്കൊപ്പം നടന്ന് പോകുന്നതിനിടെയാണ് കുട്ടി ഓവുചാലിന്‍റെ വിടവിലേയ്ക്ക് വീണത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. മലിന ജലം ഉള്ളിലെത്തിയതിനാൽ നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാന മൂടണമെന്ന് പ്രദേശവാസികളും കൗൺസിലറും ഉള്‍പ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.