എറണാകുളം : നെട്ടൂരിൽ വള്ളം മുങ്ങി കാണാതായ മൂന്ന് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോന്തുരുത്തി സ്വദേശി എബിൻ പോൾ (20), നെട്ടൂർ സ്വദേശികളായ ആദിൽ(18), സഹോദരി അഷ്‌ന(22) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
സുഹൃത്തുക്കളായ നാലുപേർ നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തിൽ യാത്ര തിരിച്ച ഉടനെയായിരുന്നു വള്ളം മറിഞ്ഞത്.
കരയിൽ നിന്നും അൻപത് മീറ്ററോളം അകലെ വള്ളം മുങ്ങുകയായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് സുഹൃത്തുക്കളായ നാല് പേർ അപകടത്തിൽപ്പെട്ടത്.
Also Read: ഏഴാം ക്ലാസുകാരൻ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍
പോലീസും ഫയർ ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ അപകടം നടന്നയുടനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച അഷ്‌ന പെരുമ്പാവൂർ ബിഎഡ് നാഷണൽ കോളജ് വിദ്യാർഥിനിയാണ്. സഹോദരൻ ആദിൽ തൃപ്പൂണിത്തുറ ഗവൺമെൻറ് ജിഎച്ച്എസ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയാണ്.
നെട്ടൂർ പെരിങ്ങാട്ടുപറമ്പിലെ നവാസിന്‍റെയും ശാമിലയുടെയും മക്കളാണിവർ. മരിച്ച എബിൻ പോൾ കളമശ്ശേരി സെന്‍റ് പോൾ കോളജിലെ ബിഎ വിദ്യാർഥിയാണ്. കൊച്ചിൻ ഷിപ്പ് യാർഡ് ജീവനക്കാരൻ പോളിന്‍റെ മകനാണ് എബിൻ.