എറണാകുളം: ജില്ലയിൽ ബുധനാഴ്‌ച മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ നേരത്തെ സ്ഥിരീകരിച്ച കൊവിഡ് രോഗിയുമായി ബന്ധമുള്ള ഒരാള്‍ക്കും ഫ്രാൻസിൽ നിന്നും വന്ന രണ്ടാള്‍ക്കുമാണ് രോഗം.
രോഗം സ്ഥിരീകരിച്ച ഇരുപത്തിരണ്ടുകാരന്‍ മാർച്ച് പതിനഞ്ചിനാണ് ഫ്രാൻസിൽ നിന്നും ഡല്‍ഹിയിലെത്തിയത്. മാർച്ച് 16 ന് ഫ്ളൈറ്റിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ പനിയും തലവേദനയേയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാർച്ച് 24 ന് മെഡിക്കൽ കോളജില്‍ പ്രവേശിക്കുകയായിരുന്നു.
ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്ളൈറ്റിൽ ഫ്രാൻസിൽ നിന്നും വന്ന 23 കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. വീട്ടില്‍ നിരീക്ഷണത്തിലിരിക്കേ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 നാണ് മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. മാർച്ച് 22 ന് കൊവിഡ് സ്ഥിരീകരിച്ച 61 വയസുകാരനുമായി അടുത്തിടപഴകിയ 37 വയസുകാരനാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.
രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവരുടെ വിശദ വിവരങ്ങൾ ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിക്കുകയാണ്. ജില്ലയില്‍ 61 പേരാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 1134 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3274 ആണ്.
ബുധനാഴ്ച മൂന്ന് പേരെയാണ് ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി. ഇതിൽ 26 പേർ എറണാകുളം മെഡിക്കൽ കോളജിലും എട്ട് പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3308 ആണ്. ബുധനാഴ്ച 33 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. നിലവില്‍ 68 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിക്കാനുള്ളത്.