എറണാകുളം: മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളായ മറ്റ് മൂന്ന് പേര്‍ സംസ്ഥാനം വിട്ടതായി പൊലീസ് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടിയിൽ പ്രതികൾ ഉത്തർപ്രദേശിലേക്ക് കടന്നതായാണ് പൊലീസിന്‍റെ നിഗമനം.
പെൺകുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികൾ കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യം പ്രതികൾ താമസിച്ചിരുന്ന മഞ്ഞുമലിലെ വാടക വീട്ടിൽ വച്ചും പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ചുമാണ് പീഡിപ്പിച്ചത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായി. ആറ് പേരാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ആറ് പേരും ആറ് മാസത്തോളം നിരവധി തവണ പീഡിപ്പിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിയുടെ ഭാഗമായി ഡൽഹിയിലാണുള്ളത്. കുട്ടി ബന്ധുക്കളോടൊപ്പമാണ് മഞ്ഞുമലിൽ താമസിച്ചിരുന്നത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.