എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. സിആര്‍പിഎഫിന്‍റെ അമ്പത് അംഗ സംഘമാണ് ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കുമായി നഗരത്തിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായ ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് നേരെ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസേന നേരിട്ടെത്തി സുരക്ഷ ഒരുക്കുന്നത്.
ആര്‍എസ്എസ് കാര്യാലയത്തിനും സംഘം സുരക്ഷ ഒരുക്കും. ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 27) രാത്രിയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷന്‍ എന്നീ അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: പി.എഫ്.ഐയേയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
സെപ്‌റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തുകയും നേതാക്കളടക്കം നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സെപ്‌റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ വ്യാപകമായി ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആക്രമണ കേസുകളില്‍ അറസ്റ്റിലാകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്‌ച രാത്രി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.