കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ലഹരിക്ക് അടിമപ്പെട്ടവർക്ക് നൽകുന്ന ബുപ്രിനോർഫിൻ മരുന്ന് വാങ്ങാനായാണ് മദ്യപാനികൾ സംഘമായെത്തുന്നത്. ലഹരിമരുന്നിനടിമപ്പെട്ടവർക്ക് നൽകുന്ന മരുന്ന് കൂടുതൽ നൽകാനാവശ്യപ്പെട്ട് മദ്യപാനികൾ ജീവനക്കാരുമായി പ്രശ്നമുണ്ടാക്കുന്നത് ഇവിടെ പതിവാണ്. സൗജന്യമായി ലഭിക്കുന്ന മരുന്ന് തന്നെ ലഹരിക്കായി ചിലർ വാങ്ങി കഴിക്കുന്നതായും ആരോപണമുണ്ട്.
ഡോക്ടറുടെ നിർദേശാനുസരണം 2 മില്ലി ഗ്രാം മുതൽ 4 മില്ലിഗ്രാം വരെ നൽകുന്ന മരുന്ന് കൂടുതൽ ആവശ്യപ്പെട്ട് മദ്യപാനികൾ പ്രശ്‌നമുണ്ടാക്കുന്നത് ഇവിടെ പതിവാണ്.ഈ സാഹചര്യം ഒഴിവാക്കാന്‍ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ തങ്ങൾ ആവശ്യപെട്ടതാണെന്ന് ആശുപത്രി സുപ്രണ്ട് ഡോ. പ്രസന്നകുമാരി പറയുന്നു.
കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനിന്റെ എ.സി യൂണിറ്റ് മദ്യപാനികള്‍ തകർത്തത് ആശുപത്രി അധികൃതർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ദിവസവും മുപ്പതിലധികം പേരാണ് ഇവിടെ ചികിത്സക്കെന്ന പേരിൽ എത്തുന്നത് .ഇവരിൽ പലരും നിരവധി ക്രിമിനൽ കേസുകളിൽ പെട്ടവരാണ്.