എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് സിഐടിയു നേതാവ് അജയൻ. ഹൈക്കോടതിയിൽ എത്തിയാണ് കോടതിയോടും ബസ് ഉടമയോടും അജയൻ മാപ്പപേക്ഷിച്ചത് (Thiruvarppu Bus Owner Attacked Case). തുടർന്ന് അജയനെതിരായ കോടതിയലക്ഷ്യ കേസിന്‍റെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു (CITU Leader Apologized To Court).
ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കവെ സിഐടിയു നേതാവ് അജയൻ ബസ് ഉടമയെ ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.
കേസിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് അജയൻ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മാപ്പപേക്ഷ സ്വീകരിക്കരുതെന്നും അജയനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്നും ബസ് ഉടമ രാജ്മോഹൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ താൻ ചെയ്‌ത തെറ്റിനെ അജയൻ ന്യായീകരിച്ചിട്ടില്ലല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ചെയ്‌ത കാര്യങ്ങളിൽ അജയൻ ഖേദ പ്രകടനം നടത്തിയിട്ടുണെന്നും കോടതി പറഞ്ഞു.
തുടർന്ന് തുറന്ന കോടതിയിൽ അജയന് മാപ്പപേക്ഷിക്കാൻ കോടതി അനുവാദം നൽകി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും അജയൻ മാപ്പപേക്ഷിച്ചതോടെ അജയനെതിരായ കോടതിയലക്ഷ്യ കേസിന്മേലുള്ള നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ ഇയാൾക്കെതിരെ നിലവിലുള്ള ക്രിമിനൽ കേസിന് ഈ ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഉടമയ്ക്കല്ല മറിച്ച് ഹൈക്കോടതിയുടെ മുഖത്താണ് അടിച്ചതെന്നും കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
സംഭവം ഇങ്ങനെ: സെപ്‌റ്റംബർ 25ന് രാവിലെ ആറ് മണിക്ക് കൂലി തര്‍ക്കത്തെ തുടര്‍ന്ന് തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കെട്ടിയ കൊടി തോരണങ്ങൾ അഴിച്ചുമാറ്റുമ്പോഴാണ് ബസ് ഉടമയ്ക്ക് മർദനമേറ്റത്.
ആക്രമണ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകനെയും ഇയാൾ മർദിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ് പ്രസിഡന്‍റുമായ അജയ് കെ ആറിനെ ആയിരുന്നു കുമരകം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പൊലീസ് കാഴ്‌ചക്കാരായി നിൽക്കുമ്പോഴാണ് ബസ് ഉടമ രാജ്‌മോഹന് മർദനമേറ്റത്. അതേസമയം മർദനത്തെ തുടർന്ന് കുമരകം പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസ് ഉടമ രാജ് മോഹൻ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അജയ്‌യെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. കേസുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല പൊലീസ് മേധാവിയും സ്‌റ്റേഷൻ ഹൗസ് ഓഫിസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമർശനമുണ്ടായത്.
എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി പറഞ്ഞു.
സംഭവത്തിൽ പൊലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം സംഭവങ്ങൾ നേരിടേണ്ടി വന്നാൽ കോടതിയെ സമീപിച്ചിട്ട് പോലും നീതി ലഭിച്ചില്ലെന്ന തോന്നൽ പരാതിക്കാരനിൽ ഉണ്ടാകുമെന്നും അടി കിട്ടിയത് ബസ് ഉടമയ്‌ക്കല്ലെന്നും കോടതിയുടെ മുഖത്താണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
എന്നാൽ ബസ് ഉടമയുടെ ആക്രമണം പെട്ടെന്നായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. കേസിൽ പൊലീസിന്‍റെ ഭാഗത്തു നിന്ന് അന്വേഷണം ഉണ്ടായോയെന്നും അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേയെന്നും കോടതി വിമർശിച്ചിരുന്നു.