എറണാകുളം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക ധാരണയുണ്ടെന്ന് ആവർത്തിച്ച് എം എം ഹസൻ. താൻ പറഞ്ഞത് തന്നെയാണ് യുഡിഎഫിൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വെൽഫയർ പാർട്ടിയുമായി സഹകരണമില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോഴാണ് എംഎം ഹസന്‍റെ മറുപടി. ഈ വിഷയത്തിൽ ആശയ കുഴപ്പമില്ലെന്നും എംഎം ഹസൻ പറഞ്ഞു.
കള്ള പണം വെളുപ്പിക്കാൻ കെഎസ്എഫ്ഇ ചിട്ടി ഉപയോഗിച്ചു എന്ന വിജിലൻസിൻ്റെ കണ്ടെത്തൽ ഇ.ഡി അന്വേഷിക്കണം. എം ശിവശങ്കർ, തോമസ് ഐസക്കിന്‍റെ ഉറ്റ സുഹൃത്താണ്. ഈ ബന്ധം എം ശിവശങ്കർ ഉപയോഗപ്പെടുത്തിയോയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെഎസ്എഫ്ഇയിൽ റെയ്‌ഡ് നടന്നത്. വിജിലൻസിനെ റെയ്‌ഡിന് കയറ്റണ്ട എന്ന് പറഞ്ഞ തോമസ് ഐസക്ക് നടത്തിയത് നിയമലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ തോമസ് ഐസക്ക് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൻ്റെ വികസനം എന്നത് അഴിമതിയാണ്. ഡിസംബർ രണ്ടിന് യുഡിഎഫിൻ്റെ കുറ്റവിചാരണ സദസ് എല്ലാ പഞ്ചായത്തുകളിലും വൈകിട്ട് അഞ്ച് മുതൽ ആറ് വരെ സംഘടിപ്പിക്കും. സ്വർണക്കടത്തിൽ തനിക്കൊപ്പം ഒരു പ്രതി കൂടി വേണം എന്ന മുഖ്യമന്ത്രിയുടെ പ്രതികാര മനോഭാവം ആണ് റെയ്‌ഡിന് പിന്നിൽ. സർക്കാരിൻ്റെ അഴിമതികൾ മൂടിവെക്കാൻ യുഡിഎഫ് നേതാക്കൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നു. ഡിസംബർ അഞ്ചിന് 12 മുതൽ ഒരു മണി വരെ യുഡിഎഫിൻ്റെ വിർച്വൽ റാലി നടത്തും. അഴിമതിക്കെതിരെ പ്രക്ഷോഭം തുടരുമെന്നും എംഎം ഹസൻ കൊച്ചിയിൽ പറഞ്ഞു.