എറണാകുളം: കൊച്ചി മെട്രോയുടെ ഇരുമ്പനത്തെ സ്റ്റോക്കിങ് യാർഡില്‍ നിന്നും 20 ലക്ഷത്തോളം വിലവരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റോക്കിംഗ് യാർഡിലെ സ്റ്റോർ അസിസ്റ്റന്‍റുമാരായി ജോലി നോക്കിയിരുന്ന മൂന്ന് പേരാണ് 40 ടൺ വരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ചത്. കർണാടക സ്വദേശിയായ ശരണ ബാസപ്പാ, കൊല്ലം സ്വദേശി എസ് ഷൈൻ, തിരുവനന്തപുരം സ്വദേശി വിഷ്‌ണു എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി മെട്രോയുടെ ജോലികൾക്കായി നിയമിച്ച എൻജിനീയറിങ് കമ്പനിയുടെ ജീവനക്കാരായ ഇവർ പതിനെട്ടാം തീയതി പുലർച്ചെയാണ് മോഷണം നടത്തിയത്.
കമ്പനിയിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ കൊണ്ടുവരുന്ന ആലുവ സ്വദേശിയായ യാസിറും സുഹൃത്ത് മുഹമ്മദ് ഫാറൂഖും ചേർന്നാണ് പ്രതികളുടെ സഹായത്തോടെ കമ്പികൾ ലോറിയിൽ കയറ്റി കൊണ്ടു പോയത്. മുഹമ്മദിനും യാസറിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കമ്പനിയുടെ തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ ആലുവ എടയാർ വ്യവസായ മേഖലയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.