കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഫ്ലാറ്റുകളിൽ നിന്നും മാറുന്നതിനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ഉടമകള്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനുള്ള സമയപരിധി ഒരാഴ്‌ച കൂടി നീട്ടി നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. മാറിത്താമസിക്കാനായി നഗരസഭ നൽകിയ പട്ടികയിലുള്ള പല ഫ്ലാറ്റുകളിലും ഒഴിവില്ലെന്നും എവിടെയോ നിന്ന് ലഭിച്ച ലിസ്റ്റ് ഉപയോഗിച്ച് തങ്ങളെ ഇറക്കിവിടാൻ ശ്രമിക്കുകയാണെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു. നിലവിലെ അവസ്ഥയിൽ പെട്ടെന്ന് ഇവിടെ നിന്നും മാറി പോകാൻ സാധിക്കില്ലെന്നും അല്‍പം മാനുഷിക പരിഗണന ലഭിക്കണമെന്നും ഫ്ലാറ്റ് ഉടമകള്‍ പറയുന്നു.
സ്ഥിരതാമസക്കാർ ഫ്ലാറ്റുകളിൽ തുടരുമ്പോൾ താൽക്കാലിക താമസക്കാർ അവരുടെ സാധനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി തുടങ്ങി. അതേസമയം മരടിലെ ഫ്ലാറ്റുകളിൽ പുനരധിവാസം ആവശ്യപ്പെട്ടവർക്കെല്ലാം അതു നൽകിയതായും വൈദ്യുതി കണക്ഷൻ നീട്ടി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയുമായി ചേർന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ലാ കലക്‌ടർ എസ്. സുഹാസ് അറിയിച്ചു. പുനരധിവാസത്തിനായി നൽകിയ പട്ടികയിൽ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തിയതോടെ സബ് കലക്‌ടർ സ്നേഹിൽ കുമാർ സിങ് പുതുക്കിയ പട്ടിക തയ്യാറാക്കാൻ തഹസിൽദാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ പുതുക്കിയ പട്ടിക ഇതുവരെയും ഉടമകൾക്ക് കൈമാറിയിട്ടില്ല. ഇത് ലഭിക്കാതെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞു പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ.