എറണാകുളം: ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി സബ് കലക്ടര്‍ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിലുളള സംഘം മരടിലെ ഫ്ലാറ്റുകള്‍ സന്ദർശിച്ചു. ഫ്ലാറ്റുകൾ പൊളിക്കാനായി കൊച്ചിയിലെത്തിയ വിദഗ്‌ധ എഞ്ചിനീയര്‍ ശരത് ബി. സര്‍വതെയും സർക്കാർ ചുമതലപ്പെടുത്തിയ 11 സാങ്കേതിക സമിതി അംഗങ്ങളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ മരട് നഗരസഭയിലെത്തിയ സർവതെ സബ് കലക്ടറുമായും സാങ്കേതിക സമിതി അംഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. നാല് ഫ്ലാറ്റുകളും സന്ദർശിച്ച സംഘം ഗോൾഡൻ കായലോരം ഫ്ലാറ്റാണ് ആദ്യം പരിശോധിച്ചത്.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് ഉപദേശകനായി സർവതയെ സർക്കാർ നിയോഗിച്ചിരിക്കുന്നത്. അതിനിടയിൽ അന്തിമ പട്ടികയിലുള്ള മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫെസ് കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്ലാറ്റുകൾ പരിശോധിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.
ഫ്ലാറ്റുകൾ രണ്ടു മാസത്തിനുള്ളിൽ തന്നെ പൊളിച്ചു തീർക്കാൻ സാധിക്കുമെന്നും സ്ഫോടനം നടക്കുമ്പോൾ സമീപത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും ഫ്ലാറ്റ് പരിശോധിച്ചതിനുശേഷം കമ്പനി പ്രതിനിധി ജോ ബ്രിംഗ്മാൻ പറഞ്ഞു. അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ സബ് കലക്ടർക്ക് നിവേദനം നൽകി.
സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ചിട്ടുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങളും സന്ദർശിച്ച് പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുടെ പ്രതിനിധികളുമായും സര്‍വതെ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതും അതിനുള്ള രീതികൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതും.